കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടു പേർക്കും വൈറസ് ബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമടങ്ങിയ കേന്ദ്രസംഘം കേരളത്തിലേക്ക്.

0
78

കോഴിക്കോട്: കോഴിക്കോട് അസ്വാഭാവിക പനിയെതുടർന്ന് രണ്ടുപേർ മരിച്ചത് നിപ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയമുള്ള നാലു സാമ്പിളുകളുടെ ഫലം കാത്തിരിക്കുന്നു. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമടങ്ങിയ കേന്ദ്രസംഘം ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ സംസ്ഥാനമൊട്ടുക്ക് ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചു.

രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 49 ഉം 56 ഉം വയസുള്ള രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ചികിത്സയിലാണ്. ഇവരുടെ സ്രവ പരിശോധനാ ഫലമാണ് പുറത്തുവരാനുള്ളത്.

നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ പൂർണമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെൻ്റിലേറ്ററുകൾ സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

English Summary: Central team of doctors and health experts to Kerala.