ആവശ്യപ്പെട്ട പണം നൽകിയില്ല; ട്രെയിനിൽ പാമ്പുകളെ കൂട്ടത്തോടെ തുറന്നുവിട്ട് പാമ്പാട്ടികൾ

കൂടയിലുണ്ടായിരുന്ന പാമ്പുകളെ ജനറൽ കമ്പാർട്ടുമെന്റിനകത്ത് തുറന്നുവിടുകയായിരുന്നു.

0
1110

മഹോബ: ആവശ്യപ്പെട്ട സംഭാവന നൽകിയില്ലെന്ന് പറഞ്ഞ് ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്ന് വിട്ട് പാമ്പാട്ടികള്‍. ഉത്തർപ്രദേശിലെ മഹോബയ്‌ക്ക് സമീപം ചമ്പൽ എക്‌‌സ്‌പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം. ഗ്വാളിയോറിൽ നിന്നും ഹൗറയിലേക്ക് പോകുകയായിരുന്ന ചമ്പൽ എക്‌‌സ്‌പ്രസ് ഉത്തർപ്രദേശിലെ മഹോബയിൽ എത്തിയപ്പോഴാണ് പാമ്പാട്ടികളുടെ ​ഗുണ്ടായിസം അരങ്ങേറിയത്.

പാമ്പുകളുമായി വന്ന് മകുടി ഊതി യാത്രക്കാരിൽനിന്നും പണം പിരിക്കുന്ന അഞ്ച് പാമ്പാട്ടികളാണ് ഓടുന്ന ട്രെയിനിൽ പാമ്പുകളെ കൂടയിൽനിന്നും തുറന്നുവിട്ടതെന്ന് ‘ഫ്രീ പ്രസ് ജേണൽ’ റിപോർട്ട് ചെയ്തു. ട്രെയിനിലെ ചില യാത്രക്കാർ പാമ്പാട്ടികൾ ആവശ്യപ്പെട്ട തുക നൽകാൻ തയ്യാറായില്ല. ഇതോടെ അഞ്ചുപേരും തങ്ങളുടെ കൂടയിലുണ്ടായിരുന്ന പാമ്പുകളെ ജനറൽ കമ്പാർട്ടുമെന്റിനകത്ത് തുറന്നുവിടുകയായിരുന്നു. പാമ്പുകളെ കൂട്ടത്തോടെ തുറന്നുവിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാർ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇതിനിടെ അടുത്ത സ്റ്റേഷൻ എത്തുന്നതിനുമുമ്പ് പാമ്പാട്ടികൾ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു.

പിന്നീട് ഝാൻസി സ്റ്റേഷൻ വരെ പരിഭ്രാന്തരായാണ് യാത്രക്കാർ യാത്ര തുടർന്നത്. ഇവിടെ നിന്നും യാത്രക്കാരെ മറ്റൊരു ബോഗിയിൽ കയറ്റിവിട്ടു. പാമ്പുകളെ തുറന്നുവിട്ട കംപാർട്ട്‌മെന്റിൽ റെയിൽവേ സുരക്ഷാസേന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

English Summary: Snake Charmers Release Reptiles in Chambal Express Coach.