തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ജീവനക്കാരിൽ നിന്ന് മൂന്നുകിലോ സ്വർണം തട്ടി

വെള്ള ഡിസയർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം.

0
207

തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ കാറിൽ വന്ന സംഘം സ്വർണാഭരണങ്ങൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി.

വെള്ളിയാഴ്‌ച അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്നു കിലോ സ്വർണാഭരണങ്ങൾ ജീവനക്കാർ കന്യാകുമാരി, മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടികൊണ്ടുപോകുകയായിരുന്നവെന്നാണ് ജീവനക്കാർ പൊലീസിൽ നൽകിയ മൊഴി.

ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള ഡിസയർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരിക്കൽ ചെന്നൈ എഗ്മോർ ട്രെയിനിലാണ് പതിവായി കൊണ്ടുപോകുക. ഇതറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: 3 kg of gold ornaments stolen In Thrissur