താരനെ തുരത്താൻ തക്കാളികൊണ്ടൊരു വിദ്യ

തക്കാളികൊണ്ടുള്ള പരീക്ഷണം ചെയ്യുന്നതിനു മുമ്പ് ഇക്കാര്യങ്ങൾക്കൂടി ശ്രദ്ധിക്കണം...

0
128

നന്നായി ഒരുങ്ങിയ ശേഷം മുടി ചീകി കെട്ടുമ്പോഴായിരിക്കും താരൻ ഒരു വില്ലനായി പ്രത്യക്ഷപ്പെടുക. താരനെ തുടച്ചു നീക്കാനാ​ഗ്രഹിച്ച് പലവിധ പൊടിക്കൈകൾ പരീക്ഷിച്ച് മടുത്തവരാകും അവരിൽ ചിലർ. പലരും താരന്‍ വന്നാല്‍ തൈര് തലയില്‍ തേയ്ക്കാറുണ്ട്. അതല്ലെങ്കിൽ സവാള നീര്. ഇവ കൂടാതെ തക്കാളി ഉപയോ​ഗിച്ചും താരനെ പറപറിപ്പിക്കാം. നമ്മുടെ തലയോടിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്ന നിരവധി വിറ്റാമിനുകളും അതുപോലെ മിനറല്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തലയിലെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്ത് നിലനിര്‍ത്താനും തക്കാളി സഹായിക്കും.

തയ്യാറാക്കേണ്ടുന്ന വിധം

നന്നായി പഴുത്ത തക്കാളി എടുക്കുക. ഇതിനെ നന്നായി പേസ്റ്റ് പരുവത്തിലാക്കുക. ഒരു ടീസ്പൂൺ നാരങ്ങാ നീരും വേണം. പേസ്റ്റ് രൂപത്തിലാക്കിയ തക്കാളിയിലേക്ക് നാരങ്ങാ നീര് ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ മിശ്രിതം തലയോടിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഇത് മുടിയിഴകളിൽ പുരട്ടേണ്ടതില്ല. താരൻ ഉള്ള ഭാ​ഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കാവുന്നതാണ്. തലയിൽ മിശ്രിതം പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്തു കൊടുക്കണം. 30 മുതൽ 60 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്. കണ്ടീഷ്ണർ ഉപയോ​ഗിക്കാൻ മറക്കരുത്. ഈ രീതിയിൽ ആഴ്ചയിലൊന്ന് തക്കാളി മിശ്രിതം തലയിൽ പുരട്ടിയാൽ താരനെ തുരത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ മിശ്രിതം ഉപയോ​ഗിക്കുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യേണ്ടതാണ്. ചിലര്‍ക്ക് ചെറുനാരങ്ങ, അല്ലെങ്കില്‍ തക്കാളി അലര്‍ജി ഉണ്ടാക്കാം. അതിനാൽ പാച്ച് ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം. തലയില്‍ ചൊറിയോ മുറിവോ ഉണ്ടെങ്കിൽ ഈ മിശ്രിതം ഉപയോ​ഗിക്കാൻ പാടുള്ളതല്ല. കൂടാതെ മിശ്രിതം നന്നായി കഴുകി കളയാൻ ശ്രദ്ധിക്കണം.

English Summary: Tomato juice- A natural remedy to fight dandruff