ജി 20 ഉച്ചകോടിക്ക് തുടക്കം; ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം

'വൺ എർത്ത് വൺ ഫാമിലി' എന്ന ആശയത്തിലൂന്നിയാകും പ്രധാന ചർച്ചകൾ.

0
159

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിൽ പ്രൗഢോജ്വല തുടക്കം. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോ‌‍‌ടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിച്ചു. ലോകത്തിന് ഇന്ത്യയിലേക്ക് സ്വാ​ഗതമെന്ന് ആമുഖ പ്രസം​ഗത്തിൽ മോഡി പറഞ്ഞു.

ആഫ്രിക്കൻ യൂണിയന് ജി 20 സ്ഥിരാംഗത്വവും നൽകി. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് ജി 20യിൽ യൂറോപ്യൻ യൂണിയന് സമാനമായ സ്ഥാനമാകും ജി 20. ഇതോടെ ജി 20 എന്നത് ജി 21 എന്ന കൂട്ടായ്മയായി മാറും. ഇത്തവണ ക്ഷണം ലഭിച്ച രാജ്യാന്തരസംഘടനകളിലൊന്നായാണ് ആഫ്രിക്കൻ യൂണിയൻ പരിഗണിക്കപ്പെടുന്നത്.

‘വൺ എർത്ത് വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രണ്ട് സെഷനുകളാണ് നടക്കുക. രണ്ട് സെഷനുകൾക്ക് ശേഷമാകും ഉഭയകക്ഷി ചർച്ചകള്‍. അതിനു ശേഷമാകും നയതന്ത്ര വിഷയങ്ങളിലുൾപ്പെടെ ചർച്ചകളിലേക്ക് കടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ വെള്ളിയാഴ്ച തന്നെ ഡൽഹിയില്‍ എത്തിയിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡിസില്‍വ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയൻ പ്രതിനിധികളും ജി20യില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ ഭരണാധികാരി, ബംഗ്ലാദേശ് പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഒൻപത് രാജ്യങ്ങളിലെ നേതാക്കൾക്ക് പ്രത്യേക അതിഥികളായി ക്ഷണമുണ്ട്.

രാഷ്ട്രതലവന്മാർക്കും ജി 20 ഉച്ചകോടിയിൽ സംബന്ധിക്കുന്ന നേതാക്കൾക്കുള്ള പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് വൈകിട്ട് ഏഴിനാണ്. ഒപ്പം വിവിധ കലാപരിപാടികളുമുണ്ട്.

English Summary: African Union, to officially join the bloc at G20 Summit