ജി 20 ഉച്ചകോടിയിലും ‘ഇന്ത്യ’ പുറത്ത്; പകരം ‘ഭാരത്’ മാത്രം

പേര് മാറ്റില്ലെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രഖ്യാപനം പച്ചക്കള്ളമെന്ന് തെളിഞ്ഞു.

0
203

ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന ജി- 20 ഉച്ചകോടിയിലും രാജ്യത്തിന് പേര് ‘ഭാരത്’ എന്നാക്കി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇരിപ്പിടത്തിനുമുന്നിലെ ഡെസ്‌ക്‌പ്ലേറ്റിൽ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയത്. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. രാജ്യത്തിന്റെ പേര് പൂർണമായും ‘ഭാരത്’ എന്ന് മാറ്റാൻ ബിജെപി സർക്കാർ നീക്കം നടത്തുകയാണെന്ന് ചർച്ചകളും വിമർശനവും ഉയരുന്നതിനിടെയാണ് നെയിംബോർഡിലെ പേരുമാറ്റം.

രാജ്യത്തിന്റെ പേര് മാറ്റ പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ജി–20 ഉച്ചകോടിയിൽ നരേന്ദ്രമോഡിയുടെ ഇരിപ്പിടത്തിൽ ‘ഭാരത്’ എന്ന് രേഖപ്പെടുത്തിയ ബോർഡ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവന്‍ നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതോടെയാണ് പേരുമാറ്റം വിവാദമായത്. ഉച്ചകോടിയിലെ വിദേശ പ്രതിനിധികൾക്ക്‌ നൽകുന്ന കൈപ്പുസ്‌തകത്തിലും ‘ഭാരത്‌; ജനാധിപത്യത്തിന്റെ മാതാവ്‌’ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിൽ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതും ചർച്ചയായി.

2022 വരെ ജി- 20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്. ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ നീക്കം നടത്തുന്നതായുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്.

അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും സാധ്യമായ എല്ലാ ഇടങ്ങളിലും പുരാതന കാലംമുതലുള്ള ‘ഭാരത്‌’ എന്ന്‌ പറയണമെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ നിർദേശത്തിനു തൊട്ടുപിന്നാലെയാണ്‌ മാറ്റം. ഇന്ത്യയെന്നത് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർത്തിട്ടുണ്ട്.

ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു. ‘ഭാരത്’ എന്ന ഡെസ്ക് പ്ലേറ്റിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെ, പെരുമാറ്റ വിവാദത്തിൽ കേന്ദ്രമന്ത്രിമാർ പരസ്യമായി പ്രതികരിക്കരുതെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.

 

English Summary: PM Modi’s Nameplate Sends A ‘Bharat’ Message