‘മാധ്യമ മര്യാദയുടെ കണികയെങ്കിലും, മരുന്നിനെങ്കിലും മനോരമ കോന്തലയിൽ കെട്ടി വെക്കാൻ നോക്കുക. ഗുണം ചെയ്യും’

2005 ൽ മനോരമ വലതുപക്ഷത്തിന് കൊടുത്തത് സാന്ത്വനം; ഇന്ന് രോഷംകൊണ്ട് തുള്ളുന്നു.

0
168

പി എം മനോജ്

മനോരമ *കാണാതെ പോകരുത്; എല്ലാം ജനം കാണുന്നു*

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ അല്ല, ശ്രീ. ഉമ്മൻ ചാണ്ടി അവസാന ശ്വാസം വലിക്കുന്നതിനു മുൻപ് വലതുപക്ഷ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്‌തതും അതിന് ആരംഭം കുറിച്ചതും ആര് എന്ന ചോദ്യത്തിന് മാധ്യമ വിദ്യാർത്ഥികൾക്ക് ഒറ്റ ഉത്തരമേ ഉള്ളൂ – മനോരമ.
പുതുപ്പള്ളിയിൽ ഒറ്റ സ്ഥാനാർഥി മാത്രം – അത് ഉമ്മൻ ചാണ്ടി.
അദ്ദേഹത്തിന്റെ കല്ലറയും പുണ്ണ്യവാള പരിവേഷവും കണ്ണീരും ഇല്ലാതെ മനോരമ ഇറങ്ങിയതേയില്ല.
ഒരു ഘട്ടത്തിലും പുതുപ്പള്ളിയിൽ മത്സരം നടക്കുന്നു എന്ന തോന്നലുണ്ടാക്കിയുമില്ല.
ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് – കല്ലറയിൽ പ്രാർത്ഥിച്ചാൽ ഉദ്ദിഷ്‌ട കാര്യസിദ്ധി ഉറപ്പ്. തെരഞ്ഞെടുപ്പ് ഫലവും അതുപോലെ ഉറപ്പ്. ആ നറേറ്റിവ് സൃഷ്‌ടിച്ചതും വലതുപക്ഷ പ്രചാരണം നയിച്ചതും മനോരമ.

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അന്തരിച്ച ശ്രീ ഉമ്മൻചാണ്ടിയുടെ സ്‌മരണയും ആ സ്‌മരണയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ശിരസ്സ് കുനിച്ചുള്ള മകന്റെ അപേക്ഷയും വിജയം കണ്ടു. അരനൂറ്റാണ്ടിലേറെക്കാലം ഒരു കക്ഷി വിജയിച്ചു പോന്ന നിയോജകമണ്ഡലത്തിൽ ആ കക്ഷിയുടെ നേതാവ് ആന്തരിച്ചപ്പോൾ മകൻ മത്സരിച്ചു നേടിയ സ്വാഭാവിക വിജയം. മരണത്തിനു തൊട്ടു പിന്നാലെ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ആ വിയോഗ ദുഃഖം വോട്ടുപെട്ടിയിലേക്കും സന്നിവേശിക്കുന്നത് സ്വാഭാവികം. വിലാപ യാത്ര മുതൽ മനോരമ നയിച്ച പ്രചാരണത്തിന്റെ കൂടി വിജയമായി അതിനെ അടയാളപ്പെടുത്തണം.
പക്ഷെ പത്രം മനോരമയാണല്ലോ. ലജ്ജയില്ലായ്‌മ അഥവാ ഉളുപ്പില്ലായ്‌മ സ്വതസിദ്ധമാണല്ലോ.

അവർ മുഖപ്രസംഗം എഴുതുകയാണ്:

*”ജനാധിപത്യമര്യാദയ്ക്കു നിരക്കാത്ത കാര്യങ്ങളാണു കുറച്ചുകാലമായി കേരളത്തിനു കാണേണ്ടിവരുന്നത്. ഇതിലൊക്കെയും ഏകാ ധിപത്യത്തിന്റെയും അധികാരമുഷ്ക്കിന്റെയും ഇടപെടലുകൾ കണ്ടെടുക്കാം.”

*”ധാർഷ്ട്യവും നിഷേധാത്മകതയും മുഖമുദ്രതന്നെയാക്കിയ സർക്കാരിനോടുള്ള വോട്ടർമാരുടെ എതിർപ്പും പ്രതിഷേധവും അതിനുള്ള പ്രഹരവുമൊക്കെയാണ് പാർട്ടിയുടെ ദയനീയ പരാജയത്തിൽനിന്നു വായിച്ചെടുക്കേണ്ടത്.”

* “മൂന്നു തവണയാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയത്. അദ്ദേഹവും മന്ത്രിമാരും എംഎൽഎമാരും സകല ഭര ണസംവിധാനങ്ങളും പാർട്ടിയുടെ എല്ലാ ശക്തിയും ഉപയോഗിച്ചിട്ടും പുതുപ്പള്ളി കൈവിട്ടതിന് മുഖ്യകാരണം”

ഇത് ഏതെങ്കിലും ഒരു വിനു വി ജോൺ പടച്ചവനോട് പോലും ഉത്തരവാദിത്തമില്ലാതെ റാംപിൽ കയറി നിന്ന് അലറി വിളിച്ച വിടുവായത്തമല്ല എന്നോർക്കണം. മലയാള മനോരമ എന്ന മഹാപത്രത്തിന്റെ മുഖപ്രസംഗത്തിൽ വാചകങ്ങളാണ്. തങ്ങളാണ് ജയിച്ചത് എന്നത് കൊണ്ട് അവർക്ക് ഇങ്ങനെയൊക്കയെ എഴുതാനുള്ള അവകാശമുണ്ട് എന്ന വാദം അംഗീകരിക്കാം. പക്ഷെ അവരുടെ പാരമ്പര്യത്തെ അഥവാ പൈതൃകത്തെ അവർ തന്നെ തള്ളിപ്പറയേണ്ടിവരും.

പതിനെട്ടു കൊല്ലം മുൻപാണ്. 2005 ജൂണില്‍ കേരളത്തില്‍ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കൂത്തുപറമ്പിലും അഴീക്കോട്ടും. അന്ന് ഭരണത്തില്‍ യുഡിഎഫ്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് എല്‍ഡിഎഫ്. സാധാരണ വിജയമല്ല- അന്ന് (2005 ജൂണ്‍ 6) മനോരമ വാര്‍ത്ത ഇങ്ങനെ:

“കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോഡുമായാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ പി ജയരാജന്‍ (സിപിഎം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍, മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അഴീക്കോട് എം പ്രകാശന് (സിപിഎം) ലഭിച്ചത്.”

അന്നത്തെ മനോരമ മുഖപ്രസംഗം (2005 ജൂണ്‍ 6, ) ഇങ്ങനെയായിരുന്നു:

*”കേരളത്തിലെ രണ്ട് മുന്നണികള്‍ക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയപാര്‍ടികള്‍ എന്ന നിലയില്‍ കരുത്തുതെളിയിച്ചിട്ടുണ്ട്. എന്നാല്‍, കുറച്ചുകാലമായി ഈ പാര്‍ടികള്‍ തമ്മിലുള്ള അന്തരം ഏറ്റവും പ്രകടമാവുന്നത് സംഘടനാശേഷിയിലാണ്. ആന്തര വൈരുധ്യങ്ങള്‍കൊണ്ടും താല്‍പര്യങ്ങളുടെ സംഘട്ടനംകൊണ്ടും പലപ്പോഴും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ സംഘടനാബലംതന്നെയാണ് കണ്ണൂര്‍ ജില്ലയില്‍ വിജയംകണ്ടത്.”

*”ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയുടെ പരാജയം അസാധാരണമല്ല. എന്നാല്‍, ഭരണകക്ഷികള്‍ക്ക് തെരഞ്ഞെടുപ്പു ഫലത്തില്‍നിന്നു പലതും ഉള്‍ക്കൊള്ളാനുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും മുന്‍ഗണനകളും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങളെപ്പറ്റി യുഡിഎഫ് ഘടകകക്ഷികള്‍ ആലോചിക്കണം. ബൂത്തുതലംമുതല്‍ കോൺഗ്രസ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിനുതകുന്ന ഊര്‍ജ്ജസ്വലമായ നേതൃത്വവും ഉണ്ടാവാന്‍ ഇനിയും വൈകിക്കൂടാ.”

അന്നും ഇന്നും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ. അന്ന് പി ജയരാജൻ കൂത്തുപറമ്പിൽ നേടിയ 45 ,865 വോട്ടിന്റെ അടുത്തൊന്നും ഇന്ന് പുതുപ്പള്ളിയിൽ ജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ഇല്ല എന്നത് വേറെ കാര്യം.
കൂത്തുപറമ്പിലെ അഴീക്കോടും കല്ലറയോ കണ്ണീരോ സഹതാപമോ മത്സരിച്ചിരുന്നില്ല. കൃത്യമായ രാഷ്ട്രീയം പറഞ്ഞുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. അതിൽ ഇടതുപക്ഷം നേടിയ തിളങ്ങുന്ന വിജയത്തിന് പിന്നിൽ ഭരണം കയ്യാളിയ വലതുപക്ഷത്തിന്റെ ധാർഷ്ട്യമോ അഹങ്കാരമോ ജനാധിപത്യ വിരോധമോ മനോരമ കണ്ടില്ല. അത് ഭരണകക്ഷിയുടെ പരാജയമായി തന്നെ ആ പത്രത്തിന് തോന്നിയില്ല. അന്നവർ വലതുപക്ഷത്തിന് കൊടുത്തത്, ഉപദേശം, സ്നേഹസമ്പന്നമായ ശാസന, തോറ്റുപോയതില്‍ വിഷമിക്കേണ്ട കുഞ്ഞുങ്ങളേ എന്ന സാന്ത്വനം. ഇന്ന് മനോരമ രോഷംകൊണ്ട് തുള്ളുകയാണ്. എല്‍ഡിഎഫിനെ തലങ്ങും വിലങ്ങും തല്ലുകയാണ്. മനോരമയുടെ വ്യാജവാർത്തകളും കാപട്യവും ദാക്ഷിണ്യമില്ലാതെ പൊളിച്ചടുക്കാൻ സ്വയം സന്നദ്ധരായി രംഗത്തിറങ്ങുന്ന ഇടതുപക്ഷ സൈബർ വളണ്ടിയർമാരെ പുച്ഛിക്കുകയാണ്.

ഈ കുറിപ്പ് ഇനിയും ദീർഘിപ്പിക്കുന്നില്ല. പറഞ്ഞാൽ കൂടിപ്പോകും. താരതമ്യം ചെയ്യാനും ചൂണ്ടിക്കാട്ടാനും ഡസൻകണക്കിന് ഉദാഹരണങ്ങൾ വേറെയുണ്ട്. അതൊക്കെ അങ്ങനെ തന്നെ നിൽക്കട്ടെ. പണ്ട് വിഷം കുടിക്കുമെന്ന ഭീഷണിയായിരുന്നുവെങ്കിൽ ഇന്ന്, വിഷം കുടിപ്പിച്ച് കാര്യം നേടാൻ ശ്രമിക്കുകയാണ് മനോരമ. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള വിഷം. തങ്ങൾക്കെതിരെ ഉയരുന്ന വിമർശങ്ങളോടുള്ള അസഹിഷ്‌ണുത-അതാണ് തിളച്ചു പൊന്തുന്നത്.

2005ല്‍ എഴുതിയ മുഖപ്രസംഗത്തിൽ ഒരു ഭാഗം കൂടി:

*”ഒരു തെരഞ്ഞെടുപ്പ് ഫലം ഒന്നിന്റെയും അവസാനമല്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. 1991 ലെ ജില്ലാ കൗൺസില്‍ തെരഞ്ഞെടുപ്പില്‍ പതിനാലില്‍ 13 ജില്ലകളും പിടിച്ചെടുത്ത ഇടതുമുന്നണി, ആറുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഉപതെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുമുന്നണി ജയിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടിയത് യുഡിഎഫിനാണ്. ഈ യുഡിഎഫ് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും തോല്‍ക്കുകയും ചെയ്‌തു. രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണ്. ”

ഇത് തന്നെയാണ് ഇന്ന് നിങ്ങളോടും പറയാനുള്ളത്. ഇതൊന്നും കാണാതെ പോകണ്ട. മറവി ഒന്നിനും ഒരു പരിഹാരമല്ല.
മാധ്യമ മര്യാദയുടെ കണികയെങ്കിലും, മരുന്നിനെങ്കിലും കോന്തലയിൽ കെട്ടി വെക്കാൻ നോക്കുക. ഗുണം ചെയ്യും.

English Summary: P M Manoj about Malayala Manorama Editorial