മോൺസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പ്; ഐ ജി ലക്ഷ്മണയെ വീണ്ടും സസ്‌പെൻഡ് ചെയ്‌തു

തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും ഐ ജി ജി ലക്ഷ്മണ മോൺസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി.

0
123

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ കേസിലെ പ്രതി ഐജി ജി ലക്ഷ്മണയെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. എറണാകുളം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ്‌ നടപടി. കോഴിക്കോട്‌ സ്വദേശി ബീരാൻ നൽകിയ പരാതിയിൽ ജി ലക്ഷ്‌മണയുടെ പങ്കിനെക്കുറിച്ച്‌ ആരോപണമുന്നയിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ രണ്ട്‌ ദൃശ്യങ്ങളും പരാതിക്കാരൻ കൈമാറിയിരുന്നു. ഇത്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഐജി ലക്ഷ്മണയെ കേസിൽ നാലാം പ്രതിയാക്കുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

മോൺസൺ മാവുങ്കലിന്റെ വ്യാജപുരാവസ്തു കച്ചവട തട്ടിപ്പുകൾക്ക് ലക്ഷ്മണ കൂട്ടുനിന്നതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തത്.

ഉന്നത പൊലീസുദ്യോഗസ്ഥനായ ലക്ഷ്മണ ഇത്തരത്തിലൊരു കേസിലുൾപ്പെട്ടത്‌ സേനയുടെ അന്തസിനെ ഇടിച്ചുതാഴ്‌ത്തിയതായും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പൊലീസ്‌ മേധാവി റിപ്പോർട്ട്‌ നൽകിയിരുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്‌. അഖിലേന്ത്യാ സിവിൽ സർവീസ്‌ പെരുമാറ്റ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ ലക്ഷ്‌മണിനെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത്‌ ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ഉത്തരവിറക്കിയത്‌.

അടുത്തിടെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തെങ്കിലും എഡിജിപിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു. കേസിൽ ലക്ഷ്മണ മൂന്നാം പ്രതിയും മുൻ ഡിഐജി എസ് സുരേന്ദ്രൻ നാലാം പ്രതിയുമാണ്.

മൂന്നുവർഷമായി ലക്ഷ്മണയ്ക്ക് മോൺസണുമായി ബന്ധമുണ്ട്. ഇദ്ദേഹം ഇടനിലക്കാരിയെ വെച്ച് വ്യാജപുരാവസ്തുക്കൾ വിൽക്കാൻ ശ്രമിച്ചെന്നും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തട്ടിപ്പുകേസിൽ പ്രതിയായ ശേഷവും ഐ ജി മോൺസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ ജി നിരവധി തവണ മോൻസണിന്റെ ചേർത്തലയിലെയും കലൂരിലെയും വീടുകളിലെത്തിയിരുന്നു.

ആന്ധ്ര സ്വദേശിനിയുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസ് ഇടപാടുകൾക്ക് ലക്ഷ്മണ ഇടനിലക്കാരനായി എന്നതിന്റെ തെളിവുകൾ മോൺസന്റെ വീട്ടിൽനിന്നു ലഭിച്ചിരുന്നു. 2017 മുതൽ ലക്ഷ്മണിന് മോൺസൻ മാവുങ്കലുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തു ഇടപാടുകാരെയടക്കം മോൺസനുമായി ബന്ധിപ്പിച്ച് നൽകിയതും ഇയാളാണ്.