ശോഭയാത്രയിൽ ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹ്യാൻ; വീൽച്ചെയറുന്തി ഒപ്പം നടന്ന് ഉമ്മയും

ശോഭയാത്രയിൽ പങ്കെടുക്കണമെന്നുള്ളത് മൂന്നാം ക്ലാസുകാരനായ മുഹമ്മദിന്റെ ആ​ഗ്രഹമായിരുന്നു.

0
452
ഭിന്നശേഷിക്കാരനായ മുഹമ്മദ് ശോഭയാത്രയിൽ പങ്കെടുത്തപ്പോൾ

കോഴിക്കോട്: വീൽ ചെയറിൽ മ‍ഞ്ഞപ്പട്ടുടുത്ത് മയിൽപ്പീലി ചൂടിയ ഉണ്ണിക്കണ്ണൻ. ഒപ്പം വീൽച്ചെയറുന്തി ഉമ്മയും. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് നടന്ന ശോഭയാത്രയിൽ ഏവരുടെയും മനം നിറച്ച കാഴ്ചയായിരുന്നു ഇത്. ഉണ്ണിക്കണ്ണനായി ഒരുങ്ങി ശോ​ഭയാത്രയിൽ പങ്കെടുക്കണമെന്നുള്ളത് ഭിന്നശേഷിക്കാരനായ വെസ്റ്റ്ഹിൽ സ്വദേശി മുഹമ്മദ് യഹ്യാന്റെ ആ​ഗ്രഹമായിരുന്നു. മകന്റെ ആ​ഗ്രത്തിനൊപ്പം ഉമ്മ നിലയുറപ്പിച്ചതോടെ മുഹമ്മദിന്റെ ആ​ഗ്രഹം പൂവണിഞ്ഞു.

ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങി എത്തിയ മുഹമ്മദ് യഹ്യാന്റെ ആദ്യ അനുഭവംകൂടിയാണ് ശോഭയാത്ര. മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദിന് ജന്മനാ ഉള്ളതാണ് വൈകല്യം. മുൻ വർഷങ്ങളിയ റോഡരുകിൽ നിന്നാണ് മുഹമ്മദ് ശോഭയാത്ര കണ്ടിരുന്നത്. അങ്ങനെയാണ് ഉണ്ണിക്കണ്ണനായി ശോഭയാത്രയിൽ പങ്കെടുക്കണമെന്ന മോഹം മുഹമ്മദിനുണ്ടാകുന്നത്.

മുഹമ്മദിന്റെ മസിലുകൾക്കാണ് പ്രശ്നം. ഇപ്പോൾ ചികിത്സയിലാണ്. ചികിത്സ ഫലം കാണുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത തവണ മറ്റു കുഞ്ഞുങ്ങളെപ്പോലെ ശോഭയാത്രയിൽ ഓടിച്ചാടി പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും മുഹമ്മദിനും ഉമ്മയ്ക്കുമുണ്ട്. വലുതാകുമ്പോൾ ശാസ്ത്രജ്ഞനാകണമെന്നാണ് മുഹമ്മദിന്റെ ആ​ഗ്രഹം.

മകൻ എന്തു പറഞ്ഞാലും തങ്ങളാൽ കഴിയുന്നതാണെങ്കിൽ അത് നടത്തിക്കൊടുക്കും. മകന്റെ മുഖത്തെ ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന് മുഹമ്മദിന്റെ ഉമ്മ ഫരീ പറഞ്ഞു.