മാത്യു കുഴൽനാടന്റേത്‌ വ്യാജ സത്യവാങ്‌മൂലം; വെളിപ്പെടുത്തിയതിനേക്കാൾ 30 ഇരട്ടി സ്വത്ത്‌: സി എൻ മോഹനൻ

0
108

ചിന്നക്കനാലിൽ അനധികൃതമായി റിസോർട്ട്‌ നിർമിച്ച വിഷയത്തിലുള്ള ആരോപണങ്ങൾക്ക്‌ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്ക്‌ മറുപടിയില്ലെന്ന്‌ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. ചിന്നക്കനാലിൽ സ്ഥിരം താമസക്കാരനാണെന്ന്‌ കാണിച്ചാണ്‌ കുഴൽനാടൻ ഭൂമി വാങ്ങിയിരിക്കുന്നത്‌. വീട്‌ വെക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത്‌ റിസോർട്ട്‌ പണിതുവെന്ന്‌ വ്യക്തമായതായും സി എൻ മോഹനൻ പറഞ്ഞു.

റിസോർട്ടിനെക്കുറിച്ച്‌ ചോദിക്കുമ്പോൾ അതിഥി മന്ദിരമാണെന്നാണ്‌ കുഴൽനാടൻ പറഞ്ഞത്‌. എറ്റേണോ കപ്പിത്താൻസ്‌ ഡേൽ എന്ന റിസോർട്ടിൽ ഇത്‌ പറയുമ്പോഴും ബുങ്ങിങ്‌ നടക്കുകയാണ്‌. ഇതിന്റെ രേഖകളും സി എൻ മോഹനൻ പുറത്തുവിട്ടു. നികുതിവെട്ടിപ്പിനെക്കുറിച്ചും മൗനം പാലിക്കുകയാണ്‌. കള്ളസത്യവാങ്‌മൂലമാണ്‌ മാത്യു കുഴൽനാടന്റേത്‌. വെളിപ്പെടുത്തിയതിനേക്കാൾ 30 ഇരട്ടി സ്വത്ത്‌ കുഴൽനാടനുണ്ട്‌. ഭൂമി വാങ്ങാനുള്ള പണം കുഴൽനാടന്‌ എവിടെനിന്ന്‌ ലഭിച്ചു?. വിദേശത്ത്‌ നിന്ന്‌ പണം സ്വീകരിക്കാനുള്ള അനുവാദം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം നൽകണം.

മാത്യു കുഴൽനാടൻ ആധാരത്തിൽ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാൽ വസ്‌തുവിന്റെയും, കെട്ടിടത്തിന്റെയും വില ഏഴ്‌ കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്‌ട്രേഷൻ നികുതിയും അടയ്‌ക്കേണ്ടത്‌. മാത്യു കുഴൽനാടനും, ഭാര്യയും 2016 മുതൽ 2021 വരെ 30.5 കോടി രൂപ സ്വയാർജിത സ്വത്തായി സമ്പാദിച്ചുവെന്നാണ്‌ പുറത്തുവരുന്നത്‌. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരത്തിൽ 95,86,000 എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സമ്പാദിച്ചതായി സി എൻ മോഹനൻ ചൂണ്ടിക്കാട്ടി.

മാത്യു കുഴൽനാടൻ വിദേശത്ത് കരിയർ ഹൗസ് എന്ന സ്ഥാപനത്തിൽ 24 ശതമാനം ഷെയർ നേടിയെന്നും സി എൻ മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണ ഒരാൾക്ക് വിദേശത്ത് നിക്ഷേപിക്കാവുന്നത് 2.5 ലക്ഷം യു എസ്‌ ഡോളറിന് തുല്യമായ തുകയാണ്. അതായത് ഒമ്പത് കോടി രൂപയോളം വരും. മാത്യുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് ഇത് പരിധിയുടെ അഞ്ചിരട്ടിയാണ്. വിദേശത്ത് നിക്ഷേപം നടത്താൻ കുഴൽനാടന് കേന്ദ്ര അനുമതി ലഭിച്ചോയെന്നും സി എൻ മോഹനൻ ചോദിച്ചു.