ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനക്രമം മാറുന്നു; പുതിയ മാറ്റം ചിങ്ങപ്പിറവി മുതൽ

0
79

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശന ക്രമത്തിന് ചിങ്ങം ഒന്നുമുതൽ (ആഗസ്ത് 17) മാറ്റം വരുന്നു. ചിങ്ങപ്പിറവിയായ വ്യാഴാഴ്ച മുതലാണ് പുതിയ ദർശനക്രമം നടപ്പിൽ വരിക. നിലവിലുള്ള ദർശനക്രമം അനുസരിച്ച് ഭക്തർക്ക് പ്രദക്ഷിണം പൂർണമാക്കാൻ സാധ്യമല്ലാത്തതിനാലും ഭക്തർക്ക് കൂടുതൽ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയുമാണ് പുതിയ ദർശനക്രമം ഏർപ്പെടുത്തിയത്. മാത്രമല്ല, എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയിലെ പ്രദക്ഷിണം ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ രീതി.

മുഖ്യ തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഭരണസമിതി പുതിയ ദർശനരീതി നടപ്പാക്കുന്നത്‌. ഇതനുസരിച്ച് വ്യാഴാഴ്ച മുതൽ കിഴക്കുഭാഗത്ത്‌ നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമദേവനെ തൊഴുത് വിഷ്വക്സേന മൂർത്തിയുടെ മുന്നിലൂടെ ഭഗവാന്റെ പാദഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് ശിരസ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശനക്രമം. അർച്ചന പ്രസാദം ക്ഷേത്രത്തിനുപുറകിലുള്ള മണ്ഡപത്തിൽവച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തെക്ക് ഭാഗത്ത് കുലശേഖരമണ്ഡപത്തിന് അരികിലൂടെ അകത്തെ കിഴക്കേ നടയില്‍ പ്രവേശിച്ച് നരസിംഹ മൂര്‍ത്തിയെ വണങ്ങി ഭഗവാന്റെ ശിരസ് ഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് പാദഭാഗത്ത് കൂടി തൊഴുതിറങ്ങുന്നതാണ് നിലവിലെ രീതി.

ഇതിനൊപ്പം ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് ഭക്തര്‍ക്ക് നല്‍കുന്നത്. ചിങ്ങപ്പിറവി മുതലാണ് ഇതും നടപ്പാക്കുന്നത്. 17ന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും. ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിച്ചത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രമാണ് വില്‍പനക്കുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ വില സ്വര്‍ണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും.