ക്ലാസെടുത്തുകൊണ്ടിരിക്കെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ചു; കെഎസ്‌‌യു നേതാക്കളടക്കം 6 പേർക്ക് സസ്‌പെൻഷൻ

0
46

കാഴ്‌ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ്‌ എടുത്തുകൊണ്ടിരിക്കെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത കെഎസ്‌യു നേതാവിന്‌ സസ്‌പെൻഷൻ. മഹാരാജാസ്‌ കോളേജിലെ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. സി യു പ്രിയേഷിനെയാണ് ക്ലാസെടുക്കുന്നതിനിടെ അപമാനിച്ചത്. സംഭവത്തിൽ മഹാരാജാസ്‌ കോളേജിലെ കെഎസ്‌യു യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ ഫാസിലിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. പൊളിറ്റിക്കൽ സയൻസ്‌ മൂന്നാംവർഷ ബിരുദവിദ്യാർഥിയാണ്‌. ഇയാൾക്കൊപ്പം അഞ്ച്‌ വിദ്യാർഥികളെക്കൂടി സസ്‌പെൻഡ്‌ ചെയ്തു.

സി എ മുഹമ്മദ്‌ ഫാസിലിനെ കൂടാതെ എൻ ആർ പ്രിയത, ഫാത്തിമ നഫ്‌ലം, എം ആദിത്യ, നന്ദന സാഗർ, വി രാഗേഷ്‌ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‍തത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ആറ് വിദ്യാർത്ഥികൾക്കെതിരെയും മഹാരാജാസ് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ നിന്ന് കളിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ഡോ. സി യു പ്രിയേഷ്‌ ക്ലാസെടുക്കുന്നതിനിടെ മുഹമ്മദ്‌ ഫാസിൽ അനുവാദമില്ലാതെ പ്രവേശിച്ച്‌ അധ്യാപകന്‌ പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാർഥികൾ ക്ലാസ്‌ ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന്‌ മൊബൈൽ ഉപയോഗിച്ചു. അധ്യാപകനെ പരിഹസിച്ച് മുഹമ്മദ്‌ ഫാസിലും ചില വിദ്യാർത്ഥികളും ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിലാണ് അധ്യാപകൻ ഇരിക്കാൻ ശ്രമിക്കവേ അദ്ദേഹത്തിന്റെ കസേര പിന്നിൽനിന്നും വലിച്ചുനീക്കി താഴെയിടാനും ശ്രമിച്ചു. ഒരു വിദ്യാർത്ഥിനിയാണ് കസേര വലിച്ചുമാറ്റി അധ്യാപകനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഈ രംഗങ്ങൾ മറ്റൊരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.

പിന്നീട്‌ ദൃശ്യം ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. രാഗേഷാണ്‌ ദൃശ്യങ്ങൾ അപ്‌ലോഡ്‌ ചെയ്‌തത്‌. വിഷയം അറിഞ്ഞ ഉടൻ പ്രിയേഷ് പ്രിൻസിപ്പലിന്‌ പരാതി നൽകി. ഡിപ്പാർട്ട്‌മെന്റ്‌ കൗൺസിലിലും പരാതി സമർപ്പിച്ചു. ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രിയേഷും പൊലീസിൽ പരാതി നൽകുമെന്നാണ് സൂചന.

ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ പുരസ്‌കാരം 2016ൽ പ്രിയേഷ്‌ നേടിയിരുന്നു. 13 വർഷമായി പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം അധ്യാപകനാണ്‌. അടുത്തിടെ മഹാരാജാസ്‌ കോളേജ് ഓഫീസിൽ അതിക്രമിച്ചുകയറി വിദ്യാർഥികളുടെ വിവരങ്ങൾ കൈവശപ്പെടുത്തിയതിന്‌ മുഹമ്മദ്‌ ഫാസിലിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു.