കൂടുതല്‍ ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകർക്കുന്ന റീല്‍; ഒടുക്കം അഴിയെണ്ണി അഞ്ചുപേർ

0
120

സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ലൈക്കും റീച്ചും കിട്ടാൻ ചിലർ കാണിച്ചുകൂട്ടുന്ന അഭ്യാസങ്ങൾ നിരവധിയാണ്. സ്വന്തം ജീവൻ പോയാലും വേണ്ടില്ല, ലൈക്ക് കിട്ടിയാൽ മതിയെന്ന ചിന്തയിൽ ചെയ്യുന്ന കോപ്രായങ്ങൾ പലതും പരിധി വിടുന്നതുമാണ്. ലൈയ്ക്കും റീച്ചും കിട്ടുമെന്നറിഞ്ഞാൽ ട്രെയിനിന് മുന്നിലേക്കെന്നല്ല ഹെലികോപ്റ്റർ വരെ ചാടിപ്പിടിക്കാൻ തയ്യാറാകും ഇക്കൂട്ടർ. ബോധമില്ലാതെ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങൾക്ക് പലരും നാട്ടുകാരുടെ കൈച്ചൂട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചിലരാകട്ടെ കേസും പൊല്ലാപ്പുമായി അഴിക്കുള്ളിലേക്ക് തന്നെ പോകേണ്ടിവരുന്നു. അത്തരമൊരു വാർത്തയാണ് മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ നിന്നും പുറത്തുവരുന്നത്.

റീൽസ് പൊല്ലാപ്പായതോടെ അഞ്ചു യുവാക്കളെ പൊലീസ് തൂക്കി അകത്തിട്ടു.
മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. സംഭവത്തിൽ കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

ചില്ലറ കളിയൊന്നുമല്ല അഞ്ചുപേരും ചേർന്ന് ഒപ്പിച്ചത്. പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീലാണ് ഇവർ നിർമ്മിച്ചത്, സ്വന്തം നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷൻ. ലൈക്ക് കൂടുന്നതും കണ്ട ആസ്വദിച്ചിരിക്കുമ്പോഴാണ് പൊലീസ് എത്തി എല്ലാത്തിനെയും തൂക്കിയെടുക്കുന്നത്. ഒടുക്കം ജയിലിലേക്ക് പോകാനുള്ള വഴിയും തെളിഞ്ഞുകിട്ടി.
അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. ആര്‍ഡി വോഗ് എന്ന പേരിലെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

മലയാള സിനിമയിലെ രംഗം ചിത്രികരിച്ചതിന് പുറമേ മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്നത് ഗ്രാഫിക്സിലൂടെ ചിത്രീകരിച്ചാണ് വീഡിയോയുടെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയത്. സോഷ്യല്‍ മീഡിയ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.