പൊതുസ്ഥലത്തുവെച്ച് അപമാനിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; യുവാവിന് 18 വര്‍ഷം തടവും പിഴയും

0
89

കൊച്ചി: 17 വയസുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശ്ശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2020 മാർച്ച് മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് പ്രതി കയ്യിൽ കയറിപ്പിടിക്കുകയും ചീത്ത വിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാണുക ബലമായി എടുത്ത് കീറിക്കളയുകയും ചെയ്തു. ഇതിന്റെ മനോവിഷമത്താലും ഇയാള്‍ പിന്നാലെ വീട്ടിലെത്തി ഉപദ്രവിക്കുമെന്ന ഭയം കാരണവും പെണ്‍കുട്ടി അന്ന് വൈകുന്നേരം ഏഴ് മണിയോടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരിച്ചത്.

യുവാവ് ഉപദ്രവിക്കുമ്പോള്‍ സാക്ഷിയായിരുന്ന കൂട്ടുകാരിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. ഇയാള്‍ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ആത്മഹത്യ പ്രേരണയ്ക്കും പെൺകുട്ടിയെ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും, പൊതു സ്ഥലത്ത് വെച്ച് കൈയ്യിൽ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയതിനും അഞ്ചോളം വകുപ്പുകളിൽ ആയി 18 വർഷം കഠിനതടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.