ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാഖ് കൊടും കുറ്റവാളി, നേരത്തെയും പീഡനക്കേസിൽ പ്രതി, ജാമ്യത്തിലിറങ്ങി മുങ്ങി

0
59

ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം കൊടുംകുറ്റവാളിയാണെന്ന് പൊലീസ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും ഒരു മാസം ഡൽഹി ജയിലില്‍ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഇയാൾ നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. ഡൽഹിയിൽ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ജയിലിൽ കഴിഞ്ഞത്. 2018ൽ ഗാസിപൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി.

ഒരു മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞുവെന്നാണ് വിവരം. ജാമ്യം ലഭിച്ചതോടെ കേരളത്തിലേക്ക് മുങ്ങി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അതിനിടെ, പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ അസ്ഫാഖിനെ തിരിച്ചറിഞ്ഞു. ആലുവ മജിസ്‌ട്രേറ്റ് -IIന്റെ മേല്‍നോട്ടത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസിലെ മൂന്ന് പ്രധാന സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവര്‍ അസ്ഫാഖിനെ തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. വൈകിട്ടോടെയാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസ്ഫാഖാണെന്ന് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആലുവ മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെ 14 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.