സ്റ്റിയറിങ്ങിൽ തകരാർ; 87,599 കാറുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി

0
108

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിപണിയിൽനിന്ന് 87,599 കാറുകൾ തിരിച്ചുവിളിച്ചു. മാരുതി സുസുക്കി എസ്-പ്രെസ്സോ, മാരുതി സുസുക്കി ഈക്കോ ഉൾപ്പെടെയുള്ള കാറുകൾ തിരികെവിളിച്ചിരിക്കുന്നത്. സ്റ്റിയറിങ് ടൈ റോഡിലെ തകരാറിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം.

2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയിൽ നിർമിച്ചതാണ് തകരാർ കണ്ടെത്തിയ കാറുകൾ. കാറുകളിൽ തകരാറുള്ള സ്റ്റിയറിങ് ടൈ റോഡ് മാറ്റി വീണ്ടും വിപണിയിലെത്തിക്കും. അടുത്ത കാലത്തായി മാരുതി സുസുക്കി ഇത്രയും വലിയ തോതിൽ കാറുകൾ കൂട്ടത്തോടെ തിരിച്ചുവിളിക്കുന്നത് ഇതാദ്യമായാണ്.

എസ്-പ്രെസ്സോയിലും ഈക്കോയിലും ഉപയോഗിച്ച സ്റ്റിയറിങ് ടൈ റോഡുകളിൽ തകരാറിനു സാധ്യതയുണ്ടെന്ന് മാരുതി അറിയിച്ചു. അപൂർവമായി ഇത് ഡ്രൈവിങ്ങിനെ ബാധിക്കാനും ഇടയുണ്ട്. തകരാറുള്ള കാറുകളുടെ ഉടമകൾക്ക് കമ്പനി അംഗീകൃത ഡീലർ വർക്‌ഷോപ്പുകളിൽനിന്നു വിളിവരും. ഒരു ചെലവുമില്ലാതെ തകരാർ പരിഹരിച്ചു തിരിച്ചതുനൽകുമെന്നും മാരുതി അറിയിച്ചു.

അവസാനമായി 2021 സെപ്റ്റംബറിലാണ് മാരുതി കൂട്ടത്തോടെ കാറുകൾ തിരിച്ചുവിളിച്ചത്. സിയാസ്, വിറ്റാര ബ്രെസ, എക്‌സ്എൽ6 ഉൾപ്പെടെയുള്ള 1,81,754 കാറുകളാണ് അന്ന് തിരിച്ചെടുത്തത്. മോട്ടോർ ജനററേറ്ററിലെ തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. അതിനുമുൻപ് 2020 ജൂലൈയിൽ 1,34,885 വാഗൺ ആർ, ബലെനോ കാറുകളും തിരിച്ചുവിളിച്ചു. അന്ന് ഫ്യുവൽ പമ്പിലായിരുന്നു തകരാറുണ്ടായിരുന്നത്.