മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ നടത്തി, മകന് തുണയായി തദ്ദേശവകുപ്പ്

0
70

മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ നടത്തി ഒരു കുടുംബത്തിന് തുണയായി തദ്ദേശവകുപ്പ്. പതിനഞ്ചു വർഷം മുമ്പു നടന്ന വിവാഹത്തിന്റെ രേഖകൾ മുല്ലൂർ നെല്ലിക്കുന്ന് ആരാദ്ധ്യഭവനിൽ കെ.ജ്ഞാനദാസ് കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ നിന്ന് ഏറ്റുവാങ്ങി. ഇതോടെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒൻപതാം ക്ളാസുകാരൻ പിതാവിന്റെ സ്വത്തിന് അവകാശിയായി.

ജ്ഞാനദാസിന്റെ മകൾ ജോളി പി.ദാസും കളിയിക്കാവിള പറന്താലുമൂട് സ്വദേശി എസ്.അജികുമാറും 2008ആഗസ്റ്റ് 28നാണ് വിവാഹിതരായത്. പക്ഷെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പേ ഇരുവരും ചെന്നൈയിലേക്ക് പോയി. അവിടെ സ്വകാര്യ കോളേജിൽ അസി.പ്രൊഫസറായിരുന്നു അജികുമാർ. ഗവേഷക വിദ്യാർത്ഥിയായിരുന്നു ജോളി.

2012ജനുവരി 10ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജോളി മരിച്ചു.അജികുമാറും മകനും രക്ഷപ്പെട്ടു. മകനുമായി ജീവിച്ച അജികുമാർ ബ്രെയിൻ ട്യൂമർ കാരണം 2018ജനുവരി രണ്ടിന് മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ സംരക്ഷണം ജോളിയുടെ അച്ഛൻ ജ്ഞാനദാസ് ഏറ്റെടുത്തു. അജികുമാറിന്റെ അനന്തരാവകാശിയാണ് കുട്ടിയെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന രേഖ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണെന്ന് പിന്നീടാണ് അറിഞ്ഞത്.

അപേക്ഷ കണ്ട് അമ്പരന്നു

കോർപറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിലാണ് ജ്ഞാനദാസ് അപേക്ഷ സമർപ്പിച്ചത്. ഭാര്യയും ഭർത്താവും മരിച്ചെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥർ അമ്പരന്നു. വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളിൽ പരേതതരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് പരാമർശമില്ല. പ്രത്യേക അനുമതി തേടി ജ്ഞാനദാസ് തദ്ദേശവകുപ്പ് ചീഫ് രജിസ്ട്രാറെ സമീപിച്ചു. സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് നൽകി. കുട്ടിയുടെ ഭാവിയെ കരുതി പ്രത്യേക കേസായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

മനുഷ്യന് വേണ്ടിയാണ് നിയമങ്ങളും ചട്ടങ്ങളും അത് അവർക്ക് ആശ്വാസകരമാകണം. ഇത്തരമൊരു കാഴ്ചപ്പാടോടെയാണ് ഈ അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തത്.

-എം.ബി.രാജേഷ്