കേസ് കാരണം എന്റെ ജീവിതം നഷ്ടമായി,​ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമം,​ അതിജീവിതയ്ക്കെതിരെ ദിലീപ്

0
107

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നും തന്റെ ജീവിതം കേസുകാരണം നഷ്ടപ്പെട്ടുവെന്നും നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് ആരോപിച്ചു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള ആരോപണങ്ങൾ ഉന്നയിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വ്യക്തമാക്കി. ഡിജിപിയുടെ വാദം പൂർത്തിയായിട്ടില്ല. അതിജീവതയ്ക്കായി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സൗകര്യം കണക്കിലെടുത്തു ഹർജി 31ന് പരിഗണിക്കാൻ മാറ്റി.