സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
49

സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴ സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോതും മരം വീണ് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി.കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. തയ്യുള്ള പറമ്പിൽവാസുവിൻറെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. മലപ്പുറം പോത്തുകല്ലിൽ ജോർജിൻറെ പുരയിടത്തിലെ കിണറും ഇടിഞ്ഞു താഴ്ന്നു. കണ്ണൂർ കോളയാട് നിർമ്മാണത്തിലിരുന്ന ഇരുനില വീട് കനത്ത മഴയിൽ പൂർണമായും തകർന്നു. കണിച്ചാറിലും കേളകത്തും മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഉളിക്കൽ മാട്ടറ ചപ്പാത്ത്, വയത്തൂർപ്പാലം എന്നിവ വെള്ളത്തിനടിയിലാണ്.