‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’; സോഷ്യൽ മീഡിയ പരസ്യത്തിൽ വീണ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

0
107

വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. കേരളആ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്കിൽ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും ലഭിച്ചു. തങ്ങൾ അയച്ചു നൽകുന്ന വിഡിയോ ലിങ്കുകൾ തുറന്ന് അവയ്ക്ക് ലൈക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി. ബിറ്റ് കൊയ്നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്നിൽ പണം നിക്ഷേപിച്ചു.

തന്റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്‌കുകളിലൂടെ പണം ലഭിക്കുെമന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ ഡോക്ടർമാർ, എൻജിനിയർമാർ, ഐ.ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി.