പ്രശസ്തനായ ഹാക്കര്‍ കെവിൻ മിറ്റ്നിക്ക് ഓര്‍മ്മയായി

0
323

ലോകത്തെ ഏറ്റവും പ്രശസ്തനായ ഹാക്കര്‍ കെവിൻ മിറ്റ്നിക്ക് ഓര്‍മ്മയായി

ഒരു കാലത്ത് ‘ ലോകത്തെ ഏറ്റവും പ്രശസ്തനായ ഹാക്കര്‍ ‘ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കെവിൻ മിറ്റ്നിക്ക് ( 59 ) ഓര്‍മ്മയായി.

ഹാക്കിംഗ് എന്ന പേര് ലോകത്തിന് പരിചിതമാകുന്നതിന് മുമ്ബ് പെന്റഗണ്‍ അടക്കം അമേരിക്കയിലെ വമ്ബൻമാരെ മുള്‍മുനയില്‍ നിറുത്തിയ കെവിൻ 14 മാസമായി പാൻക്രിയാറ്റിക് കാൻസറുമായി പോരാട്ടത്തിലായിരുന്നു.

ജൂലായ് 16ന് ലാസ് വേഗാസിലായിരുന്നു കെവിന്റെ മരണമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിനിടെയാണ് കെവിന്റെ വിയോഗം. ഭാര്യ കിംബര്‍ലീ ഗര്‍ഭിണിയാണ്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെട്ട സൈബര്‍ ക്രിമിനലുകളില്‍ ഒരാളായിരുന്നു ഒരിക്കല്‍ കെവിൻ. 80കളിലും 90കളിലും കമ്ബ്യൂട്ടര്‍ ശൃംഖലകളിലേക്ക് നുഴഞ്ഞുകയറിയ കെവിൻ ഡേറ്റാ ഫയലുകളും ക്രെഡിറ്റ് കാര്‍ഡ് നമ്ബറുകളും കരസ്ഥമാക്കി.

എന്നാല്‍ തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ വേണ്ടിയാണ് കെവിൻ തുടര്‍ച്ചയായി ഹാക്കിംഗ് നടത്തിയത്. ഹാക്കിംഗിന് വിധേയമായവരെ ഭീഷണിപ്പെടുത്താനോ പണംതട്ടാനോ കെവിൻ ശ്രമിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കോടതിയില്‍ വിചാരണയ്ക്കിടെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1995ല്‍ അറസ്റ്റിലായ കെവിൻ കമ്ബ്യൂട്ടര്‍, കമ്മ്യൂണിക്കേഷൻ സംബന്ധിച്ച വിവിധ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍വാസം അനുഭവിച്ചു.

ജയില്‍ മോചനത്തിന് ശേഷമുള്ള മൂന്ന് വര്‍ഷം പ്രൊബേഷൻ ഓഫീസറുടെ അനുമതിയില്ലാതെ കമ്ബ്യൂട്ടറോ സെല്‍ ഫോണോ ഉപയോഗിക്കാൻ കെവിനെ അനുവദിച്ചില്ല. പിന്നീട് കണ്‍സള്‍ട്ടന്റായും പ്രഭാഷകനായും സജീവമായ കെവിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താൻ തയാറായി വിവിധ കമ്ബനികള്‍ മുന്നോട്ടുവന്നു. നോബിഫോര്‍ എന്ന സുരക്ഷാ കമ്ബനിയില്‍ ചീഫ് ഹാക്കിംഗ് ഓഫീസറായി.

ഒരിക്കല്‍ സൈബര്‍ കുറ്റവാളിയായിരുന്ന കെവിൻ പിന്നീട് ഒരു ‘സൈബര്‍ സെക്യൂരിറ്റി ഗുരു’വാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏതാനും പുസ്തകങ്ങളും രചിച്ചു. ചെറുപ്പത്തില്‍ കൗതുകത്തിന് താൻ തെറ്റുകള്‍ ചെയ്തെന്നും എന്നാല്‍ അത് തിരുത്താനുള്ള അവസരം തനിക്ക് ലഭിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെവിനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി സിനിമകളും പുറത്തിറങ്ങി.

കുട്ടിയായിരിക്കുമ്ബോള്‍ തന്നെ സാങ്കേതികവിദ്യയില്‍ കഴിവുതെളിയിച്ചയാളാണ് കെവിൻ. 16ാം വയസില്‍ ഡിജിറ്റല്‍ എക്യുപ്മെന്റ് കോര്‍പറേഷന്റെ ( ഡി.ഇ.സി ) കമ്ബ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പകര്‍ത്തി. ഇതിനിടെ നോര്‍ത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡിന്റെ കമ്ബ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്തെന്ന് ആരോപണമുയര്‍ന്നെങ്കിലും അദ്ദേഹം നിഷേധിച്ചു.

1988ല്‍ ഡി.ഇ.സി ഹാക്കിംഗ് കേസില്‍ 12 മാസം ജയില്‍ ശിക്ഷ ലഭിച്ചു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം അധികൃതരുടെ നിരീക്ഷണത്തിലായിരുന്നെങ്കിലും പസഫിക് ബെല്ലിന്റെ കമ്ബ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തു. അധികൃതര്‍ കെവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രണ്ടര വര്‍ഷം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ സെല്‍ ഫോണ്‍ കമ്ബനികളുടേതടക്കം പല നെറ്റ്‌വര്‍ക്കുകളിലേക്കും കെവിൻ അനധികൃതമായി പ്രവേശനം നേടി.

തന്റേ ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ സെല്‍ ഫോണ്‍ ക്ലോണിംഗ് നടത്തി. 1995ല്‍ നോര്‍ത്ത് കാലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. കെവിന്റെ അറസ്റ്റിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. കെവിന് 2 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.