മണിപ്പൂരിൽ യുവാവിന്റെ തലയറുത്ത് മതിലിൽ വെച്ചു

0
278

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തിയതിന്റെ വീഡിയോ ഉയർത്തിയ രോഷം അടങ്ങും മുമ്പേ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ഒരു യുവാവിന്റെ വെട്ടിമാറ്റിയ തലയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ബിഷ്ണുപൂർ ജില്ലയിൽ മുളത്തടികൾ കൊണ്ട് നിർമ്മിച്ച മതിലിലാണ് അറുത്തെടുത്ത തല വെച്ചിരിക്കുന്നത്.

കുക്കി വിഭാഗത്തിൽപ്പെട്ട ഡേവിഡ് തീക്കിന്റെ തലയാണിതെന്ന് വീഡിയോയിൽ പറയുന്നു. ജൂലൈ 2 ന് മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ഏറ്റുമുട്ടലിനിടെ തീക് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പുലർച്ചെ 12 മണിയോടെയായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മെയ് 4 ന് സ്ത്രീകളെ നഗ്‌നരാക്കി ഒരു ജനക്കൂട്ടം നടത്തുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരിൽ പുതിയ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പ്രതികളായ നാല് പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിനെതിരെ വൻ പ്രതിഷേധ റാലിയാണ് നടന്നത്.

മണിപ്പൂർ അക്രമം

മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു. മെയ് 3 ന് പട്ടികവർഗ വിഭാഗത്തിനായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ മലയോര ജില്ലകളിൽ സംഘടിപ്പിച്ചതാണ് പ്രകോപനം. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയി വിഭാഗം ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. 40 ശതമാനം വരുന്ന കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ വൈറലായതിനെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കൂടുതൽ ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ പുറത്ത്. ജൂൺ 12 ന് ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു) നൽകിയ ഒരു പരാതിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

മേയ് നാലിന് കുക്കി സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി പരാതിയിൽ പറയുന്നു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഒരു ഗ്രാമത്തിലെ രണ്ട് സ്ത്രീകളെ മെയ്‌തേയ് വിഭാഗത്തിലെ ജനക്കൂട്ടം കൊള്ളയടിക്കുകയും മർദിക്കുകയും നഗ്നരാക്കി പ്രകടനം നടത്തുകയും ചെയ്തു. പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ജൂലൈ 19നാണ് ഈ ഭീകരമായ കുറ്റകൃത്യത്തിന്റെ വീഡിയോ വൈറലായത്. ഇത് സംബന്ധിച്ച് പരാതി ഉയർന്നതിന് പിന്നാലെ രണ്ട് സ്ത്രീകളെയും ദുരിതാശ്വാസ ക്യാമ്പിൽ പാർപ്പിച്ചു.

മെയ് 4 ന് തന്നെ മറ്റൊരു സംഭവവും മണിപ്പൂരിലുണ്ടായി. നഴ്സിംഗ് വിദ്യാർത്ഥികളായ 22 കാരിയായ കുക്കി സ്ത്രീയെയും അവളുടെ സുഹൃത്തിനെയും 40 പേരടങ്ങുന്ന മെയ്‌തേയ് ജനക്കൂട്ടം ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ മെയ് 5-ന് കാങ്പോക്പി ജില്ലയിലെ ഒരു ഗ്രാമത്തിലെ രണ്ട് യുവതികൾ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഇംഫാലിലെ കൊനുങ് മാമാങ് മേഖലയിലാണ് സംഭവം.

പരാതിയുടെ വിശദാംശങ്ങളനുസരിച്ച്, മെയ്‌തേയ് സമുദായത്തിൽപ്പെട്ട അക്രമികൾ സ്ത്രീകളെ വലിച്ചിഴച്ച് രണ്ട് മണിക്കൂറോളം ഒരു മുറിയിൽ കയറ്റി അടച്ചിട്ടു. പിന്നീട് മുറി തുറന്ന് നോക്കിയപ്പോൾ രണ്ട് സ്ത്രീകളും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ലൈംഗികാതിക്രമം മൂലമാകാം ഇവർ മരിച്ചതെന്നാണ് വിലയിരുത്തൽ. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മെയ് 15 ന്, ഇംഫാലിൽ നിന്ന് 18 കാരിയെ മെയ്‌തേയ് ജനക്കൂട്ടം തട്ടിക്കൊണ്ടുപോയി. എതിർത്തതോടെ യുവതിയെ വെട്ടി നുറുക്കുമെന്ന് ഭീഷണിപ്പെടുത്തി. അവർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നാഗാലാൻഡിലെ കൊഹിമയിലെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചത്.