‘പൊലീസ് തങ്ങളെ അക്രമികൾക്ക് വിട്ടുകൊടുത്തു;’ മണിപ്പൂരിൽ ആൾക്കൂട്ടം നഗ്‌നയാക്കി ആക്രമിച്ച സ്ത്രീ

0
86

മണിപ്പൂരിൽ കുക്കി-സോമി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് തങ്ങളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തുവെന്ന് ഇരകളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് സ്ത്രീകളെ, ഒരാൾക്ക് 20 വയസും മറ്റൊരാൾക്ക് 40 വയസും പ്രായമുണ്ട്, അവരെ ഒരു കൂട്ടം പുരുഷന്മാർ നഗ്‌നരായി റോഡിലൂടെയും വയലിലേക്കും കൊണ്ടുപോകുന്നത് കാണാം. ചില പുരുഷന്മാർ രണ്ട് സ്ത്രീകളെയും ഒരു വയലിലേക്ക് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നത് കാണാം. മേയ് 18 ന് പൊലീസിന് നൽകിയ പരാതിയിൽ, കൂട്ടത്തിൽ പ്രായം കുറഞ്ഞ സ്ത്രീയെ പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു എന്നും ഇരകൾ ആരോപിച്ചിരുന്നു.

കാങ്പോക്പി ജില്ലയിലെ തങ്ങളുടെ ഗ്രാമത്തെ ആൾക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് ഇവർ വനത്തിലേക്ക് ഓടിപ്പോയതായും പിന്നീട് ഇവരെ തൗബാൽ പൊലീസ് രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും എന്നാൽ ആൾകൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വഴിയിൽ വാഹനം തടഞ്ഞുനിർത്തി പിടിച്ചുകൊണ്ട് പോയതായും പരാതിയിൽ പറയുന്നു.

“ഞങ്ങളുടെ ഗ്രാമം ആക്രമിക്കപ്പെടുമ്പോൾ ആൾക്കൂട്ടത്തോടൊപ്പം പൊലീസ് ഉണ്ടായിരുന്നുവെന്ന് മണിപ്പൂരിൽ ആൾക്കൂട്ടം നഗ്നയാക്കി ആക്രമിച്ച സ്ത്രീ. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി, ഞങ്ങളെ കുറച്ച് ദൂരത്തേക്ക് കൊണ്ടുപോയി. ഞങ്ങളെ ആൾക്കൂട്ടത്തിന് മുന്നിൽ വഴിയിൽ ഉപേക്ഷിച്ചു. ഞങ്ങളെ പൊലീസ് അവർക്ക് വിട്ടുകൊടുത്തു,” തന്റെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിച്ച യുവതി ആരോപിച്ചു.

തങ്ങൾ അഞ്ച് പേർ ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് ഇരകൾ അവരുടെ പരാതിയിൽ പറഞ്ഞിരുന്നു. വീഡിയോയിൽ കാണുന്ന രണ്ട് സ്ത്രീകൾ, 50 വയസ് പ്രായമുള്ള മറ്റൊരു സ്ത്രീ, വിവസ്ത്രയെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു സ്ത്രീ, കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയുടെ അച്ഛനും സഹോദരനും. ആൾക്കൂട്ടം ഇവരെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണം.

മണിപ്പൂരിലെ സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി മാസങ്ങളോളമായി തുടരുന്ന കലാപം മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംഭവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങൾ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമർശനവും ചീഫ് ജസ്റ്റിസ് നൽകി.