കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ

0
44

കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

പി.എസ്.സി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളുമായിയാണ് കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖി സർക്കാർ ജോലിക്കായി എത്തിയത്. പിന്നീട് നടന്നത് സിനിമ കഥയെ വെല്ലുന്ന സീനുകൾ. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി രാഖി ആദ്യം എത്തിയത് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത് ജില്ലാ കളക്ടറാണ്. എന്നാൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത്. ​ഉത്തരവിൽ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. യുവതി കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ എത്തിയതോടെയാണ് കുടുങ്ങിയത്.

പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ്, പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമന ഉത്തരവ് എന്നീ രേഖകൾ പരിശോധിച്ച പി.എസ്.സി ഉദ്യോഗസ്ഥർക്കും സംശയമായി. ഇവർ രാഖിയേയും കൂടെയെത്തിയ ബന്ധുക്കളേയും തടഞ്ഞുവെച്ചു. പൊലീസ് പി.എസ്.സി ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയായാണ് കള്ളക്കളിയുടെ ചുരുൾ അഴിയുന്നത്.

എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റ് രാഖി വ്യാജമായി നിർമ്മിച്ചു. ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡ്വൈസ് മെമോ വ്യാജമായി നിർമിച്ച് സ്വന്തം വിലാസത്തിലേക്ക് അയച്ചു. ഇന്ന് ജോലിക്ക് കയറണമെന്ന് കാട്ടിയുള്ള വ്യാജനിയമന ഉത്തരവും സ്വന്തം വിലാസത്തിലേക്ക് അയച്ചു. മൊബൈൽ ഫോണിൻറെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റാരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പി.എസ്.സി ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകിയിരുന്നു.