രണ്ടാം ദിവസവും ഫലം കണ്ടില്ല; വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

0
33

വിഴിഞ്ഞത്ത് കിണറിനുള്ളിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഫലം കണ്ടില്ല. ശനിയാഴ്ച്ച രാവിലെ കിണറ്റിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇന്നലെ അർധരാത്രി വരെ തുടർന്നു. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം അർദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തി.

തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിൻ്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. രാവിലെ എട്ടുമണിക്ക് മുമ്പ് മഹാരാജിനെ മണ്ണിനടിയിൽ നിന്ന് പൂർണ്ണമായി പുറത്തെടുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

ശനിയാഴ്ച്ച രാവിലെ 9 മണിക്കാണ് കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തമിഴനാട് സ്വദേശി മഹാരാജൻ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ്, പൊലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുക്കോലയിൽ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇത് മാറ്റാനാണ് തൊഴിലാളികൾ എത്തിയത്.

മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.

ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു.

രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലാണ്. തമിഴ്നാട് സ്വദേശിയായ മഹാരാജ് പതിനഞ്ച് വർഷമായി വിഴിഞ്ഞത്താണ് താമസം.