സ്വീഡനിൽ ഖുറാന്‍ കത്തിച്ച സംഭവം; അടിയന്തര യോഗം വിളിച്ച് UN മനുഷ്യവകാശ കൗണ്‍സില്‍

0
198

സ്വീഡനിൽ പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിയ്ക്ക് മുന്നിൽ വെച്ച് വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍. വിഷയവുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ചര്‍ച്ച സംഘടിപ്പിക്കുമെന്നും കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഖുറാന്‍ കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിരവധി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുഎൻ അടിയന്തര യോഗം ചേരണമെന്ന് പാകിസ്ഥാനും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ അപലപിച്ച് സ്വീഡിഷ് സര്‍ക്കാരും രംഗത്തെത്തി. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സര്‍ക്കാര്‍ പ്രതികരിച്ചത്.

” ഇത്തരം പ്രവൃത്തികള്‍ ഇസ്ലാം മതസ്ഥരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്വീഡിഷ് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ല ഇത്തരം പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നത്,’ എന്നും സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ആഗോള തലത്തില്‍ പ്രതിഷേധം

ഖുറാന്‍ കത്തിക്കലില്‍ പ്രതിഷേധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ രംഗത്തെത്തിയിരുന്നു. മതപരമായ വിദ്വേഷം ഇല്ലാതാക്കാന്‍ ആഗോള തലത്തില്‍ നടപടികളുണ്ടാകണം എന്ന് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇറാനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വീഡനിലേക്ക് ഇനി പുതിയ അംബാസിഡറെ അയക്കില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.

മൊറോക്കോയും സമാന നടപടിയുമായാണ് രംഗത്തെത്തിയത്. സ്വീഡനിലെ തങ്ങളുടെ അംബാസിഡറെ മൊറോക്കോ തിരിച്ചുവിളിച്ചു. അനിശ്ചിതകാലത്തേക്കാണ് തിരിച്ചുവിളിച്ചത്.

തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

‘മുസ്ലീങ്ങളുടെ വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് അഹങ്കാരികളായ പാശ്ചാത്യ ജനതയെ ഞങ്ങള്‍ പഠിപ്പിക്കും,” എന്ന് എര്‍ദോഗന്‍ പറഞ്ഞു.

സ്വീഡനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുറാന്‍ പരസ്യമായി കത്തിച്ചത്. സല്‍വാന്‍ മോമിക എന്നയാളാണ് ഖുറാന്‍ പലതവണ ചവിട്ടുകയും ഗ്രസ്ഥത്തിന്റെ പേജുകള്‍ കത്തിയ്ക്കുകയും ചെയ്തത്.