വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട് സ്‌മാരകമുയരുന്നു

0
84

വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട് സ്‌മാരകമുയരുന്നു. ‘ആകാശമിഠായി’ എന്ന പേരിൽ കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായാണ് സ്‌മാരകമുയരുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുകയാണ്.

മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാർഥികളുടേയുമിടയിൽ ഇന്നും ആ സുൽത്താൻപട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ ജീവിക്കുന്നു അദ്ദേഹം.

എൻറെ സുഹൃത്തും ബഷീറിൻറെ മകനുമായ അനീസ് ബഷീർ ഇന്നു രാവിലെ അയച്ചുതന്നതാണ് അവരിരുവരുമുള്ള ഈ ചിത്രം. ബഷീറിന്റെ പുസ്തകങ്ങൾ നിത്യസ്മാരകങ്ങളായി നിലകൊള്ളുമ്പോൾതന്നെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കേന്ദ്രം വേണമെന്നത് ബഷീറിനെ ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഇടതുപക്ഷ സർക്കാർ സാക്ഷാത്ക്കരിക്കുകയാണ്. കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായി ‘ആകാശമിഠായി’ എന്ന പേരിലാണ് ടൂറിസം വകുപ്പിൻറെ കീഴിൽ സ്മാരകമുയരുന്നത്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.

കേശവൻനായരുടേയും സാറാമ്മയുടേയും അതിരുകളില്ലാത്ത പ്രേമകഥയിൽ അവരുടെ സങ്കൽപത്തിലെ കുട്ടിയുടെ പേരായിരുന്നല്ലോ, ‘ആകാശമിഠായി’. ബഷീറിന്റെ ദീർഘദർശിത്വവും പുരോഗമന കാഴ്ചപ്പാടുമൊക്കെ ആ പേരിലും കഥാസന്ദർഭത്തിലും നമുക്ക് വീക്ഷിക്കാനാകും. രാജ്യത്ത് ആദ്യമായി ടൂറിസം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബഷീറിന്റെ ‘ആകാശമിഠായി’. മലയാള സാഹിത്യത്തിലെ എക്കാലത്തേയും മുടിചൂടാ സുൽത്താന്റെ ഓർമകൾക്കുമുന്നിൽ ആദരവ്.