ഷാജൻ സ്കറിയ പുണെയിൽ! അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും; മൊബൈൽ ഒഴിവാക്കി സഞ്ചാരം

0
147

തിരുവനന്തപുരം: പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ പൂണെയിലേക്ക് കടന്നതായി സൂചന. ഇതോടെ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിച്ചു. ഷാജന്റെ സംസ്ഥാനത്തിനു പുറത്തുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കിയാണ് ഷാജൻ സഞ്ചരിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തുള്ള ഓഫീസിൽ നിന്നും പിടിച്ചെടുത്ത കപ്യൂട്ടറുകളും കാമറയും അടക്കമുള്ള ഉപകരണങ്ങൾ കൊച്ചിയിലെത്തിച്ചു. 20 കംപ്യൂട്ടറുകൾ, നാല് ലാപ്ടോപ്പുകൾ, നാല് കാമറകൾ, ഏഴ് മെമ്മറി കാർഡുകൾ, ഒരു മൊബൈൽ ഫോൺ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിലെ ഡിജിറ്റൽ തെളിവുകൾ നിർണായകമാകുമെന്നാണ് പോലീസ് കരുതുന്നത്.

നേരത്തെ ഷാജൻ ബെം​ഗളുരുവിൽ ഉള്ളതായി സൂചനകൾ ഉണ്ടായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതോടെ ഇയാൾ ഒളിയിടം മാറിയതായാണ് കരുതുന്നത്. ഷാജനായി എല്ലാ വിമാനത്താവളങ്ങളിലും ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പട്ടികജാതി-പട്ടികവർ​ഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഷാജൻ സ്കറിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പി വി ശ്രീനിജൻ എംഎൽഎയുടെ പരാതി പ്രകാരമാണ് ഷാജനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ വാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത പശ്ചാത്തലത്തിൽ ഷാജന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് അയയ്ക്കും. കോട്ടയത്തെ വീട്ടു വിലാസത്തിലാണ് ഇഡി നോട്ടീസ് അയച്ചത്. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ജൂൺ 29ന് ഹാജരാകാനായിരുന്നു ഷാജൻ സ്കറിയയ്ക്ക് നിർദ്ദേശം നൽകിയിരുന്നത്.