ഷാജൻ സ്കറിയ സംസ്ഥാനം വിട്ടു; ഒളിവിൽ കഴിയുന്നത് ബെം​ഗളുരുവിൽ!

0
72

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ഒളിവിൽ കഴിയുന്നത് ബെം​ഗളുരുവിലെന്ന് സൂചന. പി വി ശ്രീനിജൻ എംഎൽഎയെ അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉറപ്പായതോടെയാണ് ഷാജൻ സ്കറിയ ഒളിവിൽ പോയത്. ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പട്ടിക ജാതി-പട്ടിക വർ​ഗ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ഷാജൻ സ്കറിയയ്ക്കെതിരെ നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ച എറണാകുളം സെഷൻസ് കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് വി ജി അരുൺ ജാമ്യാപേക്ഷ തള്ളിയത്.

പി വി ശ്രീനിജൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസ് രജിസ്റ്റർ ചെയ്തത്. മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാതെയാണ് ഷാജൻ സ്കറിയ മാധ്യമ പ്രവർത്തനം നടത്തുന്നതെന്ന സുപ്രധാന നിരീക്ഷണവും കോടതിയുടെ ഭാ​ഗത്തു നിന്നുണ്ടായി.

വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന പരാതിയിൽ നോട്ടീസ് നൽകിയിട്ടും ഷാജൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു മുന്നിൽ ഹാജരായിരുന്നില്ല. കോട്ടയത്തെ വീട്ടിലെ വിലാസത്തിൽ അയച്ച നോട്ടീസ് ഷാജൻ കൈപ്പറ്റിയിരുന്നില്ല. ഷാജന്റെ എല്ലാവിധ സ്വത്ത് വിവരങ്ങളും പത്ത് വ‍ർഷത്തെ ആദായനികുതി അടച്ചതിന്റെ വിവരങ്ങളും പത്ത് വർഷത്തെ ബാൻസ് ഷീറ്റും സഹിതം ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.