ഒളിവിൽ പോകില്ല, എന്തും നേരിടാൻ മനക്കരുത്തുണ്ട്; ജാമ്യത്തിൽ ഇറങ്ങിയ ശേഷം കെ സുധാകരൻ

0
46

മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവിൽ പോകില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ മനക്കരുത്തുണ്ട്. ആശങ്കയോ ഭയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്ന് മനസ്സിലായി. കോടതിയിൽ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉൾക്കൊള്ളാൻ തന്റെ മനസ്സ് തയ്യാറായിട്ടുണ്ട്.

തനിക്കെതിരെ ഒരു തെളിവും ഉണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അവർക്ക് കുറേ കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു. ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറഞ്ഞു. ആതൊന്നും പുറത്തു പറയാൻ താത്പര്യമില്ലെന്നും സുധാകരൻ.

മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

സുധാകരന്റെ അറസ്റ്റിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോഴിക്കോട് കമ്മീഷകർ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കോഴിക്കോട് കിഡ്സൺ കോർണറിലേക്കും മാർച്ച് നടത്തി.

വയനാട് മാനന്തവാടിയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി പാർക്കിൽ റോഡ് ഉപരോധിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷവുമുണ്ടായി. ചവറ ഇടപ്പള്ളിക്കോട്ടയിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതിനിടയിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

മലപ്പുറം വണ്ടൂരങ്ങാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ടി പി ഗോപാലകൃഷ്ണൻ, കാപ്പിൽ മുരളി, ടി വിനയദാസ് , വി എം നാണി, തുടങ്ങിയവർ നേതൃത്വം നൽകി.