വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മഴക്കെടുതിയിൽ വൻ നാശനഷ്ടം

0
78

വടക്കുപടിഞ്ഞാറൻ പാകിസ്താനിലുണ്ടായ മഴക്കെടുതിയിൽ വൻ നാശനഷ്ടം. കനത്ത മഴയിലും കൊടുങ്കാറ്റിലും എട്ട് കുട്ടികളടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നാല് ജില്ലകളിലും അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്നു ജില്ലയിൽ രണ്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് സഹോദരങ്ങൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 140-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 200-ലധികം കന്നുകാലികൾ ചത്തതായും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് തൈമൂർ അലി ഖാൻ എഎഫ്‌പിയോട് പറഞ്ഞു. മഴക്കെടുതിയിൽ നിരവധി വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. മരങ്ങൾ കടപുഴകി, വൈദ്യുത തൂണുകൾ ഒടിഞ്ഞുവീണു. രക്ഷാപ്രവർത്തനം ദുസ്സഹമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൊടുങ്കാറ്റിൽ ഉണ്ടായ ജീവഹാനിയിൽ ദുഖം രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം മൺസൂൺ മഴയും വെള്ളപ്പൊക്കവും കാരണം രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായിരുന്നു. 1700ലധികം പേരാണ് അന്ന് മരിച്ചത്.