റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി ആർബിഐ

0
29

റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India – RBI). ജൂൺ 6 മുതല്‍ 8 വരെയുള്ള തീയതികളിൽ നടന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് (monetary policy meeting) നിരക്ക് മാറ്റമില്ലാതെ നിർത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ ആറ് തവണ തുടർച്ചയായി നിരക്ക് വർദ്ധനയ്ക്ക് ശേഷം,FY24 ലെ രണ്ടാമത്തെ ദ്വിമാസ ധനനയ യോഗത്തിൽ റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ RBI തീരുമാനിയ്ക്കുകയായിരുന്നു. കുറഞ്ഞ പണപ്പെരുപ്പവും ഇന്ത്യയുടെ നാലാം പാദത്തിലെ GDP വളര്‍ച്ചയും കണക്കിലെടുത്താണ് ജൂണിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനം.

ജൂൺ 6-8 തീയതികളിലാണ് ആർബിഐയുടെ പണനയ സമിതി യോഗം നടന്നത്. സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസിയുടെ ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന അവലോകനങ്ങളും ഉണ്ട്.

സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് കുറയ്ക്കുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും സാധാരണയായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം റിപ്പോ നിരക്കുകൾ വര്‍ദ്ധിപ്പിക്കാറുണ്ട്. റിപ്പോ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപ, വായ്പാ പലിശ നിരക്കുകളിലും വര്‍ദ്ധന നല്‍കാറുണ്ട്.

അതേസമയം, വരും മാസങ്ങളില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകൾ കുറയ്ക്കാന്‍ തുടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ജൂണില്‍ റിപ്പോ നിരക്ക് നിലനിര്‍ത്തി സാഹചര്യത്തില്‍ അടുത്ത നീക്കം പലിശ നിരക്ക് കുറയ്ക്കലാണ്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ പ്രതീക്ഷിക്കാം എന്നാണ് വിലയിരുത്തല്‍.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. റിപ്പോ നിരക്കില്‍ ഇപ്പോള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പലിശ നിരക്കില്‍ ഉടനെ വര്‍ദ്ധന ഉണ്ടാകില്ല. റിപ്പോ നിരക്കിനൊപ്പം 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായി. നോട്ട് പിന്‍വലിക്കല്‍ ബാങ്കുകള്‍ക്ക് വലിയ തോതില്‍ പണലഭ്യതയ്ക്ക് വഴിയൊരുക്കി. ഇതും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.