തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നു; പരസ്പരം പഴിചാരി റഷ്യയും യുക്രൈനും

0
82

തെക്കൻ യുക്രൈനിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതിന് പിന്നാലെ ഒട്ടേറെ പട്ടണങ്ങൾ വെള്ളത്തിനടിയിലായി. ഖേഴ്സണിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ഡാം തകർത്തതിൽ പരസ്പരം പഴിചാരുകയാണ് റഷ്യയും യുക്രൈനും. അണക്കെട്ട് തകർന്നതിന് പിന്നാലെ ദിനിപ്രോ നദിയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു. ഇവിടെ 30 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

ഖഴ്സൺ നഗരം ഉൾപ്പെടെ എൺപതോളം നഗരങ്ങളും ഗ്രാമപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏകദേശം 42,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്ക്. ഒട്ടേറെമേഖലകളിൽ കുടി വെള്ളം ഇല്ല. കുടിവെള്ളത്തിനും കൃഷിക്കുമായി തെക്കൻ യുക്രൈനിൽ ജനങ്ങൾ ആശ്രയിക്കുന്നത് കഖോവ്ക ഡാമിനെയാണ്. സപറോഷ്യ ആണവനിലയത്തിലേക്ക് ആവശ്യമായ വെള്ളം എത്തുന്നതും ഡാമിൽ നിന്നാണ്. ആണവനിലയത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജലം കരുതൽശേഖരത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

ആരാണ് ഡാം തകർത്തതിന് ഉത്തരവാദിയെന്ന് വ്യക്തമല്ല. റഷ്യയും യുക്രൈനും പരസ്പരം പഴിചാരൽ തുടരുകയാണ്. കഴിഞ്ഞ നാളുകളിലുണ്ടായ പോരാട്ടമാകാം ഇപ്പോൾ അണക്കെട്ട് തകരാൻ കാരണമെന്നും വിലയിരുത്തലുണ്ട്. ഡാം തകർത്തതിലൂടെ വലിയ പരിസ്ഥിതി നാശം ഉണ്ടായെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. യുക്രൈൻ സേനയുടെ പ്രതിരോധം തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യം, എന്നാൽ ഇതുകൊണ്ടൊന്നും യുക്രൈൻ സൈന്യത്തിന്റെ ആത്മവീര്യം തകർക്കാൻ കഴിയില്ലെന്നും സെലൻസ്കി പറഞ്ഞു. അതേസമയം അണക്കെട്ട് തകർത്തതിൽ ഉത്തരവാദി യുക്രൈൻ ആണെന്ന് റഷ്യ കുറ്റപ്പെടുത്തി. ഹീനമായ കൃത്യം എന്നാണ് പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ കൃത്യത്തെ വിശേഷിപ്പിച്ചത്. ഡാം തകർത്തതിൽ അന്വേഷണം വേണമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയിപ് എർദോഗൻ ആവശ്യപ്പെട്ടു. സംഭവത്തെ ബ്രിട്ടൻ പ്രധാനമന്ത്രി റിഷി സുനക് അപലപിച്ചു.