കാസർഗോഡ് കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി

0
62

കാസർഗോഡ് കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകളും പിടികൂടിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

പിടിയിലായ മുസ്തഫയ്ക്ക് ലഹരി ഇടപാട് സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. ഇതേ തുടർന്നാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പ്രത്യേക സംഘം പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ കണ്ടെത്തിയതാവട്ടെ സ്ഫോടക വസ്തുകളുടെ വൻ ശേഖരവും. വീടിന് പുറമെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിലും സ്ഫോടക വസ്തുകൾ സൂക്ഷിച്ചിരുന്നു.

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മുസ്തഫ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത് അൽപ്പസമയം പരിഭ്രാന്തിയുണ്ടാക്കി. അതേസമയം പ്രതിയെയും പിടികൂടിയ സ്ഫോടക വസ്തുകളും എക്സൈസ് സംഘം പൊലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ ആദൂർ പൊലീസായിരിക്കും തുടരന്വേഷണം നടത്തുക. പ്രതിയുടെ മുൻകാല പശ്ചാത്തലം ഉൾപ്പടെ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം .