പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ (95) അന്തരിച്ചു

0
94

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) മുതിർന്ന നേതാവുമായ പ്രകാശ് സിംഗ് ബാദൽ (95) അന്തരിച്ചു. ശ്വസിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഒരാഴ്‌ച മുൻപ് മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രി 8:28ഓടെ ആശുപത്രിയിലെ ഐസിയുവിൽ വച്ചായിരുന്നു പ്രകാശ് സിംഗ് ബാദലിന്റെ അന്ത്യം.

പ്രകാശ് സിംഗ് ബാദലിന്റെ മകനും പാർട്ടി പ്രസിഡന്റുമായ സുഖ്ബീർ സിംഗ് ബാദലിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അന്ത്യകർമങ്ങൾ ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിൽ നടക്കും. ബുധനാഴ്‌ച രാവിലെ മൊഹാലിയിൽ നിന്ന് ബാദൽ ഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹംഎത്തിക്കും.

തിങ്കളാഴ്‌ച വൈകുന്നേരം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ, “പ്രകാശ് സിംഗ് ബാദൽ മെഡിക്കൽ ഐസിയുവിൽ (ഇന്റൻസീവ് കെയർ യൂണിറ്റ്) സൂക്ഷ്‌മ നിരീക്ഷണത്തിലാണ്” എന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു. എങ്കിലും ബാദലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.

അടുത്ത കുറച്ച് ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സ്ഥിരമായ പുരോഗതി ഉണ്ടായാൽ, അദ്ദേഹത്തെ വാർഡിലേക്ക് മാറ്റുമെന്നും അവർ പറഞ്ഞിരുന്നു. അഞ്ച് തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹത്തെ ഗ്യാസ്ട്രൈറ്റിസ്, ബ്രോങ്കിയൽ ആസ്ത്മ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.