കുഞ്ഞിനെ പണം നൽകി വാങ്ങിയ സ്ത്രീയുടെ മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്

0
62

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ ഇന്ന് അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും കമ്മീഷൻ വിവരങ്ങൾ തേടും. ഇന്ന് 10 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

കുഞ്ഞിനെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണവും ഊർജിതമായി നടക്കുകയാണ്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വീട്ടു ജോലിക്കിടെ കുഞ്ഞിന്റെ യഥാർത്ഥ മാതാവിനെ പരിചയപ്പെട്ടുവെന്നായിരുന്നു മൊഴി. കോവളത്ത് റിസോർട്ടിലാണ് ഇവർ ജോലി ചെയ്തിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. കുഞ്ഞിനെ പണം നൽകാതെ ഏറ്റെടുത്തുവെന്നു ഇവർ ആദ്യം പറഞ്ഞിരുന്നു. ഇതോടെയാണ് ചില കാര്യങ്ങളിൽ പൊലീസിന് സംശയം തോന്നിയത്. ഇടനിലക്കാരുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾക്കായുള്ള അന്വേഷണവും തുടരുകയാണ്.

തൊക്കാട് ആശുപത്രിയിലാണ് നവജാതശിശുവിനെ വിൽപന നടത്തിയത്. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്.