മേഘാലയ ഭരണത്തിലേക്ക് പുതിയ സഖ്യം; വമ്പൻ ട്വിസ്റ്റുകളുടെ അവസാനം ബിജെപി പുറത്തേക്കോ ?

0
67

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വൻട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിക്കുകയാണ് മേഘാലയ. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ ഏത് കക്ഷി അധികാരത്തിലേറുമെന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്. കോൺറാഡ് സാങ്മയുടെ എൻപിപി ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പുതിയൊരു കക്ഷി രൂപംകൊള്ളുന്നതായാണ് സൂചന. കോൺഗ്രസും തൃണമൂലും യുഡിപിയും ചേരുന്നതാണ് ഈ സഖ്യം.

60 അംഗ നിയമസഭയാണ് മേഘാലയയിലേത്. 31 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കോൺറാഡ് സാങ്മയുടെ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇവർക്ക് 26 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. തുടർന്ന് 2 സീറ്റ് നേടിയ ബിജെപിയുടെ പിന്തുണ നേടാനായെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 32 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ട് എന്ന് കോൺറാഡ് സാങ്മ വെള്ളിയാഴ്ച ഗവർണറെ അറിയിച്ചിരുന്നു. മാർച്ച് ഏഴിന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു വിവരം.

കോൺറാഡ് സാങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) പിന്തുണ പിൻവലിച്ചു. ഈ പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ഇതോടെ സാങ്മയ്ക്ക് മുഖ്യമന്ത്രിയാകാൻ സാധ്യമല്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാലും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല.

യുഡിപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എച്ച്എസ്പിഡിപി, പിഡിഎഫ്, വിപിപി എന്നീ കക്ഷികളുടെ യോഗം സംയുക്ത നടന്നു. ഇവർ സർക്കാർ രൂപീകരിക്കാൻ മുന്നോട്ട് വരികയാണ്. 2 സ്വതന്ത്രർ കൂടി ചേർന്നാൽ മാത്രമേ ഈ സഖ്യത്തിന് 31 അംഗങ്ങളുടെ പിന്തുണയാകൂ എന്നതൊരു വെല്ലുവിളിയായി അവശേഷിക്കുന്നുണ്ട്.