‘ന്യൂയോർക്ക് റോഡി’ന് ഒരു വർഷവും പാഴാക്കിയിട്ടില്ല; മനോരമ വാര്‍ത്ത പച്ചക്കള്ളം- വസ്തുതകള്‍ കാണം

0
64

‘ന്യൂയോര്‍ക്ക് റോഡില്‍ കേരളം പഴാക്കിയത് പത്തം വര്‍ഷം’ എന്ന തലകെട്ടോടെ മലയാള മനോരമ പത്രം വ്യാഴാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഒരു അമേരിക്കൻ മലയാളി കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചപ്പോൾ ഉണ്ടായ അനുഭവം മുഖ്യമന്ത്രിയോട് പങ്കുവെച്ച വിവരം അദ്ദേഹം നിയമസഭയിൽ പരാമർശിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ‘കേരളത്തിലെ റോഡ് ന്യൂയോർക്കിനെക്കാൾ കേമം’ എന്ന തലകെട്ടോടെ വലിയൊരു അതിശയക്യാപ്ഷനിട്ട് മനോരമ വാർത്ത നൽകി. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ആദ്യം സൂചിപ്പിച്ച വാര്‍ത്ത നല്‍കുന്നത്. എന്തായാലും മനോരമ വര്‍ത്തയൊന്ന് പരിശോധിച്ച് നോക്കാം. 

വാർത്തയിലെ രണ്ട് പരാമർശങ്ങൾ നോക്കുക;

  1. ന്യൂയോർക്ക് മോഡൽ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു എന്ന് പറയപ്പെടുന്ന മണ്ണുത്തി – പാലക്കാട് റോഡിന്റെ വികസനം വൈകിയത് വിഎസ് സർക്കാർ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടാണ്.
  2. കുതിരാൻ ടണലിന്റെ പ്രവൃത്തി തടസപ്പെട്ടത് പിണറായി സർക്കാരിന്റെ കാലത്ത് വനം വകുപ്പിന്റെ അനുമതി വൈകിച്ചത് കൊണ്ടാണ്.

ഒന്നാമത്തെ ആരോപണം – 2005ൽ വാളയാർ – മണ്ണുത്തി പാതയ്ക്ക് നടപടി തുടങ്ങിയെങ്കിലും ടോൾ പിരിച്ചുള്ള റോഡ് പദ്ധതികൾക്ക് സിപിഐ എം എതിരായിരുന്നതിനാൽ 2009 വരെ സ്ഥലം ഏറ്റെടുത്ത് നൽകിയില്ല എന്നാണ് മനോരമ ലേഖകന്‍റെ കണ്ടെത്തല്‍.

2008 ഡിസംബർ 2ലെ ഒരു നിയമസഭാ രേഖ കാണാം. അന്ന് ആലത്തൂർ എംഎൽഎ ആയിരുന്ന എം. ചന്ദ്രന് പൊതുമരാമത്ത് മന്ത്രി നൽകിയ മറുപടിയാണിത്.

 

ദേശീയപാത മണ്ണുത്തി – വാളയാർ ഭാഗം  നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയാണ് ചോദ്യം. പാലക്കാട് ജില്ലയിൽ ഭൂമി ഏറ്റെടുക്കേണ്ട 19 വില്ലേജുകളിൽ എട്ടിലെയും ഭൂവുടമകൾക്ക് നഷ്ടപരിഹാരം കൈമാറി എന്നാണ് മറുപടി. 2009 ഓടെ മുഴുവൻ ഭൂമിയും കൈമാറുമെന്നും മന്ത്രി മറുപടിയിൽ പറയുന്നുണ്ട്. 

ഇനി നമുക്ക് 2009 ജൂലൈ 25ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയിട്ടുള്ള ഒരു വാർത്ത കാണാം.

19 വില്ലേജുകളിൽ 12ന്റെയും ഭൂമി ദേശീയപാതാ അതോറിറ്റിക്ക് കൈമാറി എന്നാണ് വാർത്ത. വാർത്തയുടെ അവസാനത്തിൽ ഇങ്ങനെയും പറയുന്നുണ്ട്.

‘The Cabinet Committee on Economic Affairs (CCEA) had approved the four-laning of the Walayar-Vadakkencherry stretch and the six-laning of the Vadakkencherry-Mannuthy stretch of the national highway under the National Highway Development Project on a design, build, finance, operate and transfer (DBFOT) basis this January.’ അതായത്, 2009 ജനുവരിയിൽ മാത്രമാണ് സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് സമിതി വാളയാർ – മണ്ണുത്തി പാതയ്ക്ക് അംഗീകാരം നൽകിയതെന്ന്. നോക്കണെ. മനാരമയുടെ ലേഖകൻ പറഞ്ഞത് 2005ലെ കേന്ദ്രം പദ്ധതി നടപ്പാക്കാൻ മുട്ടിനടക്കുവാണെന്നാണ്.

ഇനി ഒരു നിയമസഭാ രേഖ കൂടി കാണണം. അത് 2010 ജൂലൈ 6ലെയാണ്. വാളയാർ മുതൽ വടക്കഞ്ചേരി വരെ 60 മീറ്റർ വീതിയിലും വടക്കാഞ്ചേരി മുതൽ മണ്ണുത്തി വരെ 45 മീറ്റർ വീതിയിലും സ്ഥലം ഏറ്റെടുത്തു എന്നാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. നിയമസഭയെ അറിയിച്ചിട്ടുള്ളത്. 

അപ്പൊ അതാണ് ‘ന്യൂയോർക്ക് റോഡി’ന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിലെ വസ്തുത. 2006 മുതൽ തന്നെ ഭൂമി ഏറ്റെടുക്കൽ തുടങ്ങി 2010ന് മുമ്പ് തന്നെ ഭൂമി അതോറിറ്റിക്ക് കൈമാറി. സിപിഐഎമ്മിന്റെ എന്തെങ്കിലും നയങ്ങൾ ഇതിൽ തടസമായിട്ടില്ല. വിഎസ് സർക്കാർ ഒരു വർഷവും പാഴാക്കിയിട്ടുമില്ല. വസ്തുതകൾ രേഖകളായി ഉണ്ടാകുമ്പോൾ ഒരു മയത്തിലൊക്കെ നുണ എഴുതണ്ടേ മനോരമ ലേഖകാ.

ഇനി രണ്ടാമത്തെ വിഷയം.

കുതിരാൻ ഇരട്ടത്തുരങ്കനിർമാണം വൈകിപ്പിച്ചത് ഒന്നാം പിണറായി സർക്കാർ ആണെന്ന വാദം.

നമുക്കൊരു പാർലമെന്റ് രേഖ കാണാം. 2019 ജൂലൈ 25ന് നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ മറുപടി. 2012 സെപ്തംബറിൽ പ്രവൃത്തി കമ്പനിയെ ഏൽപിച്ചെങ്കിലും നിർമ്മാണം തുടങ്ങിയത് 2016 മെയ് മാസത്തിലാണെന്ന്. 2016 മെയ് മുതൽ 2019 ജൂലൈ വരെയുള്ള കാലയളവിൽ 83 ശതമാനം പണിയും പൂർത്തിയായെന്നും മന്ത്രി പറയുന്നു .

 

2012 സെപ്തംബർ മുതൽ 2016 മെയ് വരെ കേരളം ഭരിച്ചത് പിണറായി വിജയനല്ല. 2012 – 2014 കാലത്ത് കേന്ദ്രത്തിൽ കേരളത്തിന്റെ ഒൻപതോ പത്തോ കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നു. എന്നിട്ടും ആ കാലത്ത് പണി നടക്കാത്തതിന്റെ പഴി സിപിഐഎമ്മിന്റെ തലയിലാകുന്നത് എന്ത് ലോജിക്കാണ് ലേഖകാ.

ഇനി കേരളത്തിലെ വനം വകുപ്പ് എന്തെങ്കിലും അനുമതി നൽകാൻ വൈകിയോ. നമുക്കൊരു മനോരമ റിപ്പോർട്ട് തന്നെ കാണാം.

 

കുതിരാൻ റോഡ് നിർമ്മാണ ടൈംലൈൻ വളരെ വിശദമായുണ്ട്. 2016ൽ ചുമതലയേറ്റ പിണറായിയാണോ നിർമ്മാണം വൈകാൻ കാരണമെന്ന് മനോരമ പോലും ഇതിൽ പറയുന്നില്ല. നിർമ്മാണം ഏറ്റെടുത്ത കമ്പനി സാമ്പത്തികപ്രശ്നത്തിൽപ്പെട്ട് പണി ഉപേക്ഷിച്ച് പോയി. അങ്ങനെയാണ് കുറെ നാൾ പണി നിലച്ചത്. ഒടുവിൽ കോടതി ഇടപെടൽ വന്നിട്ടാണ് ദേശീയപാതാ അതോറിറ്റിക്ക് ജീവൻ വെച്ചത് എന്ന യാഥാർത്ഥ്യം അതിൽ പറയുന്നുണ്ട്.

ഈ വാർത്തയിൽ ഏത് ഘട്ടത്തിലാണ് സംസ്ഥാന വനം വകുപ്പിന്റെ മുന്നിൽ ഈ വിഷയം എത്തിയത് എന്ന് പറയുന്നുണ്ട്.

 

നിർമാണത്തിന്റെ അവസാനഘട്ടത്തിൽ (2020ഓടെ) ടണലിന്റെ മേലെ മണ്ണ് വീഴാൻ തുടങ്ങിയപ്പോൾ വനം വകുപ്പിന്റെ അനുമതിക്ക് പോയി എന്നാണ്. അപേക്ഷ നൽകാൻ വൈകിയത് ദേശീയപാതാ അതോറിറ്റി ആണെന്നും മനോരമ തന്നെ പറയുന്നു. സംസ്ഥാന വനംവകുപ്പ് മാത്രമല്ല, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അനുമതി നൽകേണ്ടിയിരുന്നു.  ആറ് മാസം വൈകി അപേക്ഷ നൽകിയിട്ടും ഒരു വർഷത്തിനിടെ കേന്ദ്രത്തിന്റെ അനുമതി വരെ ലഭിച്ചു എന്നതാണ് വാസ്തവം. ദേശീയപാതാ അതോറിറ്റിയുടെ അനാസ്ഥ എന്ന് രണ്ട് വർഷം മുമ്പ് എഴുതിയ ഉണ്ണി വാരിയർ ലേഖകന് ഇപ്പോൾ അത് പിണറായിയുടെ വീഴ്ചയായി. 

ഇതൊക്കെ മറച്ചുവെച്ചാണ് മനോരമ ഇപ്പോൾ പിണറായി സർക്കാരിന്റെ തലയിലേക്ക് പഴി ചാർത്തിയത്. എന്തൊരു പകയോടെയാണ് മനോരമയും അതിലെ ലേഖകന്മാരും ഈ സർക്കാരിനെയും സിപിഎമ്മിനെയും സമീപിക്കുന്നത് എന്നോർക്കണം. ദേശീയപാതകളുടെ വികസനത്തിൽ ഇച്ഛാശക്തിയോടെ ഇടപെട്ട ഒരു സംവിധാനത്തെ ജനങ്ങളുടെ ഓർമ പരീക്ഷിച്ച് ഇകഴ്ത്തിക്കാട്ടാമോ എന്ന പരീക്ഷണമാണ് ഈ മനോരമ വാർത്ത.

പത്തിരുപത് വർഷം കഴിഞ്ഞ് കേരളത്തിൽ അതിവേഗട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഓൺലൈൻ മനോരമക്കാരൻ ഇങ്ങനെ എഴുതും. ‘ജപ്പാൻ മോഡൽ’ ബുള്ളറ്റ് ട്രെയിനിൽ സിപിഎം കാരണം കേരളം പാഴാക്കിയത് ഇരുപത് വർഷം’. എന്നിട്ട് 2012ലെ ചാണ്ടി സാറിന്റെ ബുള്ളറ്റ് ട്രെയിൻ കിനാവുകളുടെ ഒരു വീഡിയോയും ചേർക്കും.