ബ്രസീലിൽ സംഭവിക്കുന്നതെന്ത്? ലുല സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതാരാണ്?

0
51
Supporters of Brazilian former President Jair Bolsonaro hold a demonstration at the Esplanada dos Ministerios in Brasilia on January 8, 2023. (Photo by EVARISTO SA / AFP)

കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പരാജയപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോയുടെ പിന്തുണക്കാരാണ് ബ്രസീലിന്റെ തലസ്ഥാന നഗരത്തിൽ കലാപം നടത്തിയത്.

രണ്ടു വർഷം മുമ്പ് വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോളിലെ ദൃശ്യങ്ങൾ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു ജനുവരി എട്ടിന് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്നത്. മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ആയിരക്കണക്കിന് അനുയായികൾ രാജ്യത്തെ പാർലമെന്റ്, സുപ്രീം കോടതി, പ്രസിഡന്റ് ഓഫിസ് എന്നിവ ആക്രമിച്ചു.

ബ്രസീലിയൽ പതാകയെന്തിയെത്തിയ ആക്രമികൾ ഓഫിസുകളുടെ ജനാലകൾ തകർത്തു തീയിട്ടു. അവർ മുദ്രാവാക്യം വിളിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രാജ്യവും നിയമനിർമാണ സ്ഥാപനമായ കോൺഗ്രസും തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ചാണ് ബോൾസോനാരോയുടെ അനുയായികൾ അക്രമം നടത്തിയത്. തങ്ങൾ നടത്തിയ അക്രമങ്ങളൊക്കെ അവർ മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്തു.

സ്ഥിതിഗതികൾ ഇപ്പോൾ​ നിയന്ത്രണ വിധേയമാണ്. സംഭവങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി “ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം” എന്ന് ട്വീറ്റിൽ പറഞ്ഞു.

ആരാണ് ബ്രസീലിയയിൽ കലാപം നടത്തിയവർ?

കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പരാജയപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോയെ പിന്തുണക്കാരാണ് തലസ്ഥാനത്ത് കലാപം നടത്തിയത്. ബ്രസീലിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം വഞ്ചന നിറഞ്ഞതാണെന്നും തന്നെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഉന്നതർ ഗൂഢാലോചന നടത്തുകയാണെന്നും ബോൾസോനാരോ നേരത്തെ പറഞ്ഞിരുന്നു.

ഒക്‌ടോബർ 31നു നടന്ന രണ്ടാം തിരഞ്ഞെടുപ്പിൽ ലുലയോട് തോറ്റ് പുറത്താക്കപ്പെട്ടശേഷം ബോൾസോനാരോ നിശബ്ദനായിരുന്നു. എന്നാൽ ഉന്നതരുടെയും മാധ്യമങ്ങളുടെയും ഒരു സംഘം തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് വിശ്വസിക്കുന്ന ബോൾസനോരായുടെ അനുയായികളുടെ എണ്ണം വർധിക്കുകയാണ്.

ബ്രസീൽ സൈന്യം ഇടപെട്ട് പ്രസിഡന്റ് ലുല ജനുവരി ഒന്നിന് അധികാരമേൽക്കുന്നതു തടയണമെന്നും ബോൾസോനാരോയുടെ അനുയായികൾ ആവശ്യപ്പെട്ടിരുന്നു. ലുലയുടെ വിജയപ്രഖ്യാപനത്തിനുശേഷം അവർ പൊലീസുമായി നിരവധി തവണ ഏറ്റുമുട്ടുകയും ഔദ്യോഗിക വാഹനങ്ങൾക്കു തീയിടുകയും അക്രമാസക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ലുല അധികാരം ഏറ്റെടുത്തശേഷം ജനുവരി എട്ടിനു ബഹുജനപ്രകടനം നടത്തുന്നതിനായി അവർ ഓൺലൈനിലൂടെ പ്രചാരണം നടത്തി.

ഞായറാഴ്ച ഉച്ചയ്ക്ക്ശേഷം ബോൾസോണറിസ്റ്റുകൾ (ബോൾസോനാരോയുടെ അനുയായികൾ) ബ്രസീലിയയിലെ ത്രീ പവർ സ്ക്വയറിലേക്ക് (പ്രാസാ ഡോസ് ട്രസ് പോഡറസ് ) മാർച്ച് നടത്തി. ആഴ്ചകളായി ഒത്തുകൂടിയ സ്ഥലത്തുനിന്ന് ഏകദേശം എട്ട് കിലോമീറ്റർ മാർച്ച് ചെയ്താണ് അവർ മന്ത്രിമാരുടെ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന മിനിസ്ട്രീസ് പ്രോമനേഡ് വഴി ത്രീ പവർ പ്ലാസയിൽ പ്രവേശിച്ചു. അവരുടെ മാർച്ചിനെ തടയാൻ പൊലീസോ സുരക്ഷാ സേനയോ ശ്രമിച്ചില്ല.

പ്രതിഷേധക്കാർ സ്ക്വയറിൽ എന്താണ് ചെയ്തത്?

എപിയുടെ റിപ്പോർട്ട് പ്രകാരം പ്രതിഷേധക്കാർ മേൽക്കൂരകളിൽ കയറുകയും ജനലുകൾ തകർത്തു. മൂന്ന് കെട്ടിടങ്ങൾ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ഫർണിച്ചറുകൾ മറിച്ചിടുകയും കെട്ടിടങ്ങൾക്കുള്ളിലുണ്ടായിരുന്ന വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തതായി അവർ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ടൈംസ് പറഞ്ഞു. തങ്ങളുടെ രാജ്യം തിരികെ കൊണ്ടുപോകുകയാണെന്നും തങ്ങളെ തടയാൻ കഴിയില്ലെന്നും അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റുകൾ, കുരുമുളക് സ്പ്രേ, കണ്ണീർ വാതകം എന്നിവ പ്രയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ, പ്രതിഷേധക്കാരിൽനിന്നു സർക്കാർ കെട്ടിടങ്ങൾ തിരിച്ചുപിടിക്കാൻ സഹായിക്കാൻ സൈന്യവും എത്തിയതായി റിപ്പോർട്ട് പറയുന്നു.

സർക്കാർ എന്താണ് പറഞ്ഞത്?

സംഭവസമയത്ത് ബ്രസീലിയയിൽ ഇല്ലാതിരുന്ന പ്രസിഡന്റ് ലുല വൈകിട്ടാണ് പ്രതിഷേധം നടത്ത സ്ഥലത്ത് എത്തിയത്. അക്രമത്തിനു പ്രേരിപ്പിച്ചത് ജെയറെന്ന് കുറ്റപ്പെടുത്തിയ ലുല, സാധിക്കുമ്പോൾ എല്ലാം അധികാരസ്ഥാപനത്തിനെതിരെയും ജെയർ അക്രമം നടത്താറുണ്ടെന്ന് പറഞ്ഞു. അക്രമസംഭവം ജെയറിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലുല പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

തലസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഫെഡറൽ ഗവൺമെന്റിനെ ചുമതലപ്പെടുത്തി.അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് നിയമമന്ത്രി ഫ്ലേവിയോ ഡിനോ പറഞ്ഞു. ബ്രസീലിയയിലെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള എല്ലാവരെയും നിരീക്ഷിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റോസ വെബർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ജെയർ ബോൾസോനാരോ എവിടെയാണ്?

മുൻ പ്രസിഡന്റ് യുഎസിലെ ഫ്ലോറിഡയിൽ ഉണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനമാണ് അവിടേക്കു പോയത്. കുറഞ്ഞത് ഒരു മാസമെങ്കിലും അവിടെ താമസിക്കാൻ ജെയറിനു പദ്ധതിയുണ്ടെന്നും ഒർലാൻഡോയിലെ ഡിസ്നി വേൾഡിൽനിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഒരു വീട്ടിൽ ജെയർ വാടകയ്ക്ക് താമസിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറങ്ങുന്നതിനു മുൻപ് ബോൾസോനാരോ തന്റെ അനുയായികളോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ജെയർ ട്വിറ്ററിൽ ‘നിയമത്തിന്റെ രൂപത്തിൽ സമാധാനപരമായ പ്രകടനങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്’ കുറിച്ചു.

ക്യാപ്പിറ്റോളിലെ സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നത് എന്തുകൊണ്ട്?

വാഷിങ്ടൺ ഡിസിയിലെന്നപോലെ ബ്രസീലിയയിലും തലസ്ഥാനത്ത് അക്രമണം നടത്തിയത് പരാജയപ്പെട്ട പ്രസിഡന്റുമാരുടെ പിന്തുണക്കാരായിരുന്നു. യുഎസിന്റെ കാര്യത്തിൽ ഡൊണാൾഡ് ട്രംപായിരുന്നു മുൻ പ്രസിഡന്റ്. ട്രംപ് കലാപകാരികളെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ജെയർ അത് ചെയ്തില്ല. എന്നാൽ രണ്ടുപേരും വ്യാജ വാർത്തകളുടെയും തിരഞ്ഞെടുപ്പ് വഞ്ചനയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളും അനുയായികൾക്കു മുൻപിൽ നിരത്തിയിരുന്നു.

“ബ്രസീലിയൻ കോൺഗ്രസിനെ ആക്രമിക്കുന്ന വലതുപക്ഷ കലാപകാരികൾക്ക് പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമാക്കാൻ ലോക ജനാധിപത്യ രാജ്യങ്ങൾ വേഗത്തിൽ പ്രവർത്തിക്കണം. ട്രംപിന്റെ ജനുവരി ആറിലെ കലാപകാരികളെ സ്വയം മാതൃകയാക്കുന്ന ഈ ഫാസിസ്റ്റുകൾ അതേ സ്ഥലത്ത് തന്നെ എത്തിപ്പെടണം: ജയിലിൽ,” മേരിലാൻഡിലെ ഡെമോക്രാറ്റായ യുഎസ് പ്രതിനിധി ജാമി റാസ്കിൻ ട്വീറ്റ് ചെയ്തു.