ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്

0
65

ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ദൃശ്യ വിസ്മയം വീണ്ടും തിയറ്ററുകളിൽ നങ്കൂരമിടാൻ ഒരുങ്ങുകയാണ്. ടൈറ്റാനിക് എന്ന ചലച്ചിത്രത്തിന്‍റെ 25 ആം വാർഷികത്തിന്‍റെ ഭാഗമായാണ് ചിത്രം വീണ്ടും തിയറ്റർ റിലീസിനൊരുങ്ങുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ മിഴിവേറിയ ദൃശ്യങ്ങൾ സ്ക്രീനിലെത്തിക്കാൻ 3ഡിയിൽ റീമാസ്റ്റർ ചെയ്ത 4 കെ എച്ച്ഡിആർ പ്രിന്‍റാണ് പ്രദർശനത്തിനെത്തുന്നത്. ഇതിന് പുറമേ അവതാർ ദി വേ ഓഫ് വാട്ടറിന് സമാനമായി 48 ഫ്രെയിംസ് പെർ സെക്കന്‍റിലായിരിക്കും ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നത്. 2023 ഫെബ്രുവരി 10ന് വാലന്‍റൈൻസ് വാരത്തിലാണ് ടൈറ്റാനിക്കിന്‍റെ പുതിയ പതിപ്പ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ലിയനാഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജാക്കിനെയും റോസിനെയും അവതരിപ്പിച്ചത്. ടൈറ്റാനിക് എന്ന ദൃശ്യ വിസ്മയം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതിന് മുൻപ് ചിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വസ്തുതകളുണ്ട്…

റീ റിലീസ്

ഇത് മൂന്നാം തവണയാണ് ജെയിംസ് കാമറൂൺ ചിത്രം റീ റിലീസ് ചെയ്യുന്നത്. ടൈറ്റാനിക് ദുരന്തം നടന്നതിന്‍റെ നൂറാമത്തെ വർഷമായ 2012 ലാണ് ചിത്രം ആദ്യമായി റീ റിലീസ് ചെയ്യുന്നത്. അപ്പോഴാണ് ചിത്രം ആദ്യമായി 3ഡിയിലേക്ക് മാറ്റി ചെയ്യുന്നത്. ചിത്രത്തിൽ ടൈറ്റാനിക് മുങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം റോസ് ആകാശത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച്ച പൂർണമായും റീ ക്രിയേറ്റ് ചെയ്തതിന് ശേഷമാണ് രണ്ടാം വട്ടം ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം റിലീസ് ചെയ്ത സമയത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു രംഗമായിരുന്നു ഇത്. തുടർന്ന് 1912 ഏപ്രിൽ 15 നുള്ള ആകാശക്കാഴ്ച്ചയുടെ ഏകദേശ ചിത്രം നിരവധി ജ്യോതി ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ശേഷമായിരുന്നു ടൈറ്റാനിക്കിന്‍റെ രണ്ടാം വരവിൽ ഉൾപ്പെടുത്തിയത്. 2012 ഏപ്രിൽ 4 ന് ടൈറ്റാനിക്കിന്‍റെ 3ഡി വെർഷൻ തീയറ്ററുകളിൽ റിലീസ് ചെയ്തു. ഏകദേശം 343 മില്ല്യൺ യു.എസ് ഡോളറാണ് രണ്ടാം വരവിൽ ടൈറ്റാനിക് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ രണ്ടാം വരവിലെ കളക്ഷനും കൂട്ടിയാണ് ചിത്രം 2 ബില്ല്യൺ ക്ലബ്ബിൽ ഇടം പിടിക്കുന്നത്. ഇതോടെ 2 ബില്ല്യൺ കളക്ഷൻ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമായി ടൈറ്റാനിക് മാറി. ഒപ്പം റീ റിലീസിലൂടെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടവും ടൈറ്റാനിക്കിനെ തേടിയെത്തി. 2017 ൽ ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ 20 ആം വാർഷികത്തിന്‍റെ ഭാഗമായും ചിത്രം റീ റിലീസ് ചെയ്തിരുന്നു. ഡോൾബി വിഷനിലേക്ക് കൺവർട്ട് ചെയ്ത ചിത്രം 3ഡിയിലും 2ഡിയിലും തീയറ്ററുകളിലെത്തി.

റിലീസ് തീയതി മാറ്റം

ചിത്രത്തിന്‍റെ നിർമ്മാതാക്കളും വിതരണ കമ്പനികളുമായ 20ത് സെഞ്ചുറി ഫോക്സും പാരമൗണ്ട് പിക്ചേഴ്സും 1997 ജൂലൈ 2 ആം തീയതി ടൈറ്റാനിക് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിലൂടെ വേനൽക്കാലത്ത് വടക്കെ അമേരിക്കയിൽ നിന്ന് നല്ല രീതിയിലുള്ള തീയറ്റർ കളക്ഷൻ സ്വന്തമാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഉദ്ദേശിച്ച സമയത്തിന് മുമ്പ് ചിത്രത്തിന്‍റെ വിഷ്വൽ എഫക്ട് ജോലികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് ആ വർഷം ഏപ്രിൽ മാസം ജെയിംസ് കാമറൂൺ പറഞ്ഞു. തുടർന്നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അതേ വർഷം ഡിസംബർ 19ലേക്ക് മാറ്റിയത്. അന്നേവരെ ഹോളിവുഡിൽ നിന്ന് പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളെക്കാൾ ഉയർന്ന നിർമ്മാണ ചെലവിൽ പുറത്തിറങ്ങുന്ന ടൈറ്റാനിക് നല്ല രീതിയിലെ കളക്ഷൻ സ്വന്തമാക്കാൻ സാധ്യതയുള്ള വേനലവധി റിലീസിൽ നിന്നും മാറ്റിവച്ചത് പലരെയും അത്ഭുതപ്പെടുത്തി.

പരാജയ ഭീതി

ഏകദേശം 200 മില്ല്യൺ യു.എസ് ഡോളറായിരുന്നു ടൈറ്റാനിക്കിന്‍റെ നിർമ്മാണ ചെലവ്. 200 മില്ല്യണോളം തുക ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയും ചെലവാക്കി. ആ സമയത്ത് 500 മില്ല്യൺ യു.എസ് ഡോളർ കളക്ഷൻ കിട്ടുന്ന ഹോളിവുഡ് ചിത്രങ്ങൾ പോലും അപൂർവമായിരുന്നു. ആയതിനാൽത്തന്നെ വമ്പൻ നിർമ്മാണ ചെലവുമായി വരുന്ന ടൈറ്റാനിക് ഒരു വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പലരും കണക്ക് കൂട്ടി. ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റം ഇത്തരം അഭ്യുഹങ്ങൾക്ക് ആക്കം കൂട്ടി. ടൈറ്റാനിക് റിലീസിന് മുന്നോടിയായി ഏതാനും മാധ്യമപ്രവർത്തകർക്ക് വേണ്ടി ചിത്രം പ്രദർശിപ്പിച്ചപ്പോഴും നിരവധി നെഗറ്റീവ് റിവ്യൂസാണ് ഉണ്ടായത്. ജെയിംസ് കാമറൂണിന്റെ അതിരുകവിഞ്ഞ അഹങ്കാരം ടൈറ്റാനിക്കിനെ പരാജയത്തിന്‍റെ അടുത്തെത്തിച്ചിരിക്കുന്നു എന്നും, കണ്ട് മടുത്ത പഴയ ഹോളിവുഡ് പ്രണയകഥകളുടെ കോപ്പിയാണ് ഈ ചിത്രമെന്നുമാണ് ലോസ് ആഞ്ചലസ് ടൈംസിന്‍റെ നിരൂപകൻ ടൈറ്റാനിക്കിനെ വിശേഷിപ്പിച്ചത്. എന്തിന് ചിത്രം പരാജയത്തിലേക്കാണ് പോകുന്നതെന്നും ഏകദേശം 100 മില്ല്യൺ യു.എസ് ഡോളറിന്‍റെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംവിധായകനായ ജെയിംസ് കാമറൂൺ പോലും വിശ്വസിച്ചിരുന്നതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

എന്നാൽ റിലീസ് ചെയ്തപ്പോൾ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ടൈറ്റാനിക് അന്നേവരെ ഉണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞു. ഏകദേശം 1.84 ബില്ല്യൺ യു.എസ് ഡോളറാണ് ടൈറ്റാനിക് അന്ന് നേടിയെടുത്തത്. റിലീസിന് മുൻപ് മാധ്യമങ്ങൾ പരാജയം വിധിച്ച ടൈറ്റാനിക്കിന് 1.4 ബില്ല്യൺ യു.എസ് ഡോളേഴ്സിന്‍റെ ലാഭം ഉണ്ടാക്കാൻ സാധിച്ചു. ഇന്നത്തെ 4 ബില്ല്യണിന്‍റെ മൂല്ല്യം വരും ആ തുക. ഇന്ത്യയിൽ ആദ്യമായി വലിയൊരു ബോക്സ് ഓഫീസ് വിജയമായി മാറിയ ഹോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ആദ്യമായി ലോക ബോക്സ് ഓഫീസിൽ വൺ ബില്ല്യൺ ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായിരുന്നു ടൈറ്റാനിക്. ജുറാസിക് പാർക്കിന്‍റെ 900 മില്ല്യൺ എന്ന കളക്ഷൻ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ടൈറ്റാനിക് മാറി. നീണ്ട 12 വർഷങ്ങൾ വേണ്ടി വന്നു ടൈറ്റാനിക്കിന്‍റെ ഈ റെക്കോർഡ് മറി കടക്കാൻ. 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്‍റെ തന്നെ അവതാറാണ് ബോക്സ് ഓഫീസ് കളക്ഷനിൽ ടൈറ്റാനിക്കിനെ പിന്നിലാക്കിയത്.

ആണുങ്ങളെ കരയിച്ച ചിത്രം

ഏറ്റവും കൂടുതൽ പുരുഷന്മാരായ പ്രേക്ഷകരെ കരയിച്ച ചിത്രം എന്നൊരു ഖ്യാതിയും ടൈറ്റാനിക്കിനുണ്ട്. സിനിമയിൽ റോസിന് വേണ്ടി ജാക്ക് ചെയ്ത ത്യാഗം നിരവധി പേരുടെ കണ്ണ് നനയിച്ചു. 2009 ൽ റിലീസ് ചെയ്ത സോമ്പിലാന്‍റ് എന്ന ചിത്രത്തിൽ തന്‍റെ ഇളയ മകനെ നഷ്ടപ്പെട്ട തലഹസ്സി എന്ന കഥാപാത്രം പറയുന്നത് ടൈറ്റാനിക് കണ്ടിട്ടല്ലാതെ ഞാൻ ഇത്രമാത്രം കരഞ്ഞിട്ടില്ലെന്നാണ്. ആ സമയത്ത് ടൈറ്റാനിക് എന്ന ചിത്രം എത്രമാത്രം ഓളമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ സൂചനയായിരുന്നു ഈ സംഭാഷണ രംഗം.

സ്ത്രീകളുടെ ഇടിച്ച് കയറ്റം

അന്ന് വരെ മറ്റൊരു ചിത്രത്തിനും കണ്ടിട്ടില്ലാത്ത രീതിയില്‍ സ്ത്രീ പ്രേക്ഷകരുടെ ഇടിച്ച് കയറ്റം ഉണ്ടായ ചിത്രമായിരുന്നു ടൈറ്റാനിക്. 20ത് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുടെ കണക്ക് പ്രകാരം ചിത്രം റിലീസ് ചെയ്ത് അതിന്‍റെ അഞ്ചാമത്തെ ആഴ്ച്ചയോടുകൂടി അമേരിക്കയിലെ 7 ശതമാനത്തോളം കൗമാര പ്രായക്കാരായ പെൺകുട്ടികൾ ടൈറ്റാനിക് തീയറ്ററിൽ നിന്ന് കണ്ടിരുന്നു. ചിത്രത്തില്‍ ജാക്ക് ആയുള്ള ലിയണാഡോ ഡി കാപ്രിയോയുടെ പ്രകടനം ആ സമയത്ത് അദ്ദേഹത്തിന് നിരവധി സ്ത്രീ ആരാധകരെ ഉണ്ടാക്കി കൊടുത്തു.