ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ

0
99

ഫിഫ ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലിൽ ആഫ്രിക്കൻ അട്ടിമറി വീരന്മാരായ മൊറോക്കോയെ തകർത്ത് മൂന്നാം സ്ഥാനം സ്വന്തം പേരിലാക്കി ക്രൊയേഷ്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ വിജയം. കിരീടം നേടാനായില്ലെങ്കിലും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പരമ്പരാഗത ശക്തികളെ മറികടന്ന് മൂന്നാം സ്ഥാനം വരെ എത്തിയാണ് ലൂക്ക മോഡ്രിച്ചും സംഘവും ഖത്തർ വിടുന്നത്.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ലീഡ് നേടി ക്രൊയേഷ്യ വമ്പ് കാട്ടി. ജോസ്‌കോ ഗ്വാർഡിയോളിന്റെ മികച്ച ഹെഡറിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. എന്നാൽ ഒൻപതാം മിനിറ്റിൽ അടിക്ക് തിരിച്ചടി നൽകി മൊറോക്കോ ഗോൾ മടക്കി. മറുഭാഗത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. അഷ്‌റഫ് ഡാരിയാണ് ഗോൾ നേടിയത്. പിന്നീട് ഇരു ടീമുകളും ഉണർന്നു കളിച്ചു. എങ്കിലും ആക്രണത്തിൽ ക്രൊയേഷ്യ തന്നെയാണ് മുന്നിട്ട് നിന്നത്.

ഒടുവിൽ ഇടവേളക്ക് പിരിയുന്നതിന് തൊട്ട് മുൻപ് മിസ്‌ലാവ് ഒർസിച്ചിലൂടെ ക്രൊയേഷ്യ ആഗ്രഹിച്ച ലീഡ് നേടി. രണ്ടാം പകുതിയുടെ ആദ്യ പതിനഞ്ച് മിനിറ്റുകൾ മൊറോക്കോയെ പിടിച്ചു നിർത്തുന്ന കളിയാണ് ക്രൊയേഷ്യ പുറത്തെടുത്തത്. എന്നാൽ പോരാട്ട വീര്യം കൈവിടാതെ മൊറോക്കോ പൊരുതിയെങ്കിലും ഫൈനൽ വിസിൽ മുഴങ്ങുമ്പോഴും ലീഡ് നിലയിൽ മാറ്റമില്ലാതെ തുടർന്നു. തോറ്റെങ്കിലും മൊറോക്കോയുടെ പ്രകടനം കൈയ്യടി നേടി