‘അടിച്ചാല്‍ തിരിച്ചടിക്കും’; ഇന്ത്യക്കെതിരെ ആണവഭീഷണിയുമായി പാക് മന്ത്രി

0
67

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിന് പിന്നാലെ മറ്റൊരു മന്ത്രിയും രംഗത്ത്. ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിയാണ് മന്ത്രിയായ ഷാസിയ മാരി ഉയര്‍ത്തിയത്. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.

നരേന്ദ്ര മോദി സര്‍ക്കാരിനെ പരാമര്‍ശിക്കുന്നതിനിടെ പാകിസ്ഥാന്‍ ആണവശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് ഷാസിയ പറഞ്ഞു. നമ്മളെ അടിച്ചാല്‍ പാകിസ്ഥാനും തിരിച്ചടിച്ചായിരിക്കും മറുപടി നല്‍കുക. പാക്കിസ്ഥാന് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാക്കിസ്ഥാനെ പരോക്ഷമായി ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് വിളിച്ചതും ഷാസിയ പരാമര്‍ശിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് അവര്‍ പറഞ്ഞു. അവരെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നു. ദളിതര്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ഷാസിയ ആരോപിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മതേതര ഇന്ത്യ ഹിന്ദുത്വത്തിന്റെ കാല്‍പ്പാടുകളാണ് പിന്തുടരുന്നത്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ രക്തം ചിന്തിയെന്നും ഷാസിയ പറഞ്ഞു.

ഇതിനിടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പാകിസ്ഥാന്‍ സര്‍ക്കാരുകള്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് ഷാസിയ മാരി സമ്മതിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എല്ലായ്പ്പോഴും ഇന്ത്യയുമായുള്ള സമാധാനം, സൗഹൃദം, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പക്ഷേ ഇക്കാര്യത്തില്‍ നമ്മുടെ മുന്‍ സര്‍ക്കാരുകള്‍ നമുക്ക് നേരെ തിരിഞ്ഞിട്ടുണ്ട്. സ്വന്തം നാട്ടില്‍ തന്നെ നുമക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്നും പാക് മന്ത്രി വ്യക്തമാക്കി.