പോക്സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളില്‍;കേരള ഹൈക്കോടതി

0
298

മുസ്ലിം വ്യക്തിനിയമപ്രകാരമുളള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹതിരായവരില്‍ ഒരാള്‍ പായപൂര്‍ത്തിയാകാത്തയാളാണെങ്കില്‍ പോക്‌സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.പോക്‌സോ കേസില്‍ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട മുപ്പത്തിയൊന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

പശ്ചിമബംഗാളില്‍നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതായിരുന്നു പ്രതിയ്‌ക്കെതിരായ കുറ്റം. പെണ്‍കുട്ടി ചികിത്സക്കെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്തതാണെന്നും മുസ്ലിം വ്യക്തിനിയമപ്രകാരം അതിന് നിയമ തടസമില്ലെന്നുമായിരുന്നു ജാമ്യ ഹര്‍ജിയില്‍ പ്രതിയുടെ വാദം.ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ പ്രതിയുടെ വാദം തളളിയ കോടതി പോക്‌സോ നിയമം നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്സോ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുസ്ലീമായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുമതിയായി കാണാന്‍ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്‌സോ നിയമം. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്. ഒരു കുഞ്ഞിന് നേര്‍ക്കുള്ള അനാവശ്യമായ സ്പര്‍ശനം പോലും പോക്‌സോ വകുപ്പിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.