ഡിമരിയക്ക് ഇരട്ടഗോൾ; സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന

0
148

സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.

17ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടുന്നത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ലയണൽ മെസി നൽകിയ പന്ത് ടാപ്പിൻ ചെയ്യുക മാത്രമായിരുന്നു അൽവാരസിൻ്റെ ദൗത്യം. ഒരു ഗോൾ വീണതോടെ അർജൻ്റീന യുഎഇ പ്രതിരോധത്തിൽ കൂടുതൽ വിള്ളലുകൾ കണ്ടത്തി. 25ആം മിനിട്ടിൽ മാർക്കോസ് അക്യൂനയുടെ ഒരു തകർപ്പൻ ക്രോസിൽ നിന്ന് ക്ലിനിക്കൽ വോളിയിലൂടെ ഡിമരിയ ആദ്യ ഗോൾ നേടി. 36ആം മിനിട്ടിൽ വീണ്ടും ഡിമരിയയുടെ ബൂട്ട് നിറയൊഴിച്ചു. അലക്സിസ് മാക് അലിസ്റ്ററിൽ നിന്ന് പന്ത് സ്വീകരിച്ച ഡിമരിയ ചടുല നീക്കത്തിലൂടെ ഗോളിയെ മറികടന്ന് വലകുലുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുൻപ് മെസിയും ലക്ഷ്യം ഭേദിച്ചു. ഡിമരിയ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 60ആം മിനിട്ടിൽ ഡിപോളിൻ്റെ അസിസ്റ്റിൽ കൊറിയ കൂടി ഗോളടിച്ചതോടെ അർജൻ്റീനയുടെ ജയം പൂർണം.

അർജൻ്റീന തന്നെയാണ് കളിയിൽ നിറഞ്ഞുനിന്നതെങ്കിലും ചില ഒറ്റപ്പെട്ട അവസരങ്ങൾ യുഎഇയ്ക്ക് ലഭിച്ചു. 81ആം മിനിട്ടിൽ ലിസാൻഡ്രോ മാർട്ടിനസിൻ്റെ ഗോൾ ലൈൻ ക്ലിയറൻസാണ് അർജൻ്റീനയെ രക്ഷിച്ചത്.