കാന്താരയിലെ വരാഹരൂപം ഗാനത്തിനു തിയേറ്ററുകളില്‍ സ്റ്റേ

0
32

പ്രമുഖ മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയെ തുടര്‍ന്ന് കാന്താര ചിത്രത്തിലെ വരാഹരൂപം ഗാനം തിയേറ്ററുകളില്‍ നിന്നു നീക്കം ചെയ്യണമെന്നു കോഴിക്കോട് സെഷന്‍സ് കോടതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ 2015 ല്‍ പുറത്തിറക്കിയ നവരസ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്ന കാര്യം തൈക്കൂടം ടീം പറഞ്ഞത്.

കോടതി വിധിയും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് തൈക്കൂടം ബ്രിഡ്ജ് പങ്കുവച്ചത്. ‘ തൈക്കൂടം ബ്രിഡ്ജിന്റെ അനുവാദമില്ലാതെ കാന്താര ചിത്രത്തില്‍ വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തിയതു കൊണ്ട് നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്ക്, ജിയോ സാവന്‍ എന്നിവരെ ഈ ഗാനം ഉപയോഗിക്കുന്നതിന്‍ നിന്നു നിരോധിക്കുന്നു എന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധി. തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക്ക് അറ്റോണിയായ സുപ്രീം കോടതി അഭിഭാഷകന്‍, സതീഷ് മൂര്‍ത്തിയാണ് കേസ് ഫൈല്‍ ചെയ്തത്’ അവര്‍ കുറിച്ചു.

‘കാന്താര’യുമായി തൈക്കൂടം ബ്രിഡ്ജ് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്ന് ശ്രോതാക്കൾ അറിയണമെന്ന് ആഗ്രഹിക്കുന്നു എന്നും എന്നാൽ ഓഡിയോയുടെ കാര്യത്തിൽ ഞങ്ങളുടെ ഐപി ‘നവരസം,’ ‘വരാഹ രൂപം’ എന്നിവ തമ്മിലുള്ള ഒഴിവാക്കാനാവാത്ത സമാനതകൾ കാണാം എന്നും തൈക്കൂടം ബ്രിഡ്ജ് നേരത്തെ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറഞ്ഞിരുന്നു.’ഇത് പകർപ്പവകാശ നിയമങ്ങളുടെ ലംഘനമാണ് എന്ന് കരുതുന്നു. ‘പ്രചോദിപ്പി’ക്കപ്പെട്ടതും ‘പ്ലജിയറൈസ്ഡും’ തമ്മിലുള്ള അതിരുകൾ ഞങ്ങളെ സംബന്ധിച്ച് വ്യതിരിക്തവും തർക്കമില്ലാത്തതുമാണ്, അതിനാൽ ഇതിന്റെ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങൾ നിയമനടപടി തേടും. ഉള്ളടക്കത്തിന് മേലുള്ള ഞങ്ങളുടെ അവകാശങ്ങൾക്ക് യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല, എന്ന് മാത്രമല്ല സിനിമയുടെ ക്രിയേറ്റീവ് ടീം ഈ ഗാനം ഒരു യഥാർത്ഥ സൃഷ്ടിയായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുകന്നു. ഞങ്ങളുടെ സഹ കലാകാരന്മാരോട് സംഗീത പകർപ്പവകാശം സംരക്ഷിച്ചു കൊണ്ട് നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടാനും വിഷയം ഉയർത്താനും ശ്രമിക്കുക,’ സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിൽ അവർ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ചു തൈക്കൂടം ബ്രിഡ്ജിനു മറുപടി നല്‍കിയിട്ടുണ്ടെന്നു കാന്താരയുടെ സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ പ്രചരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകായായിരുന്നു.