ചടയമംഗലത്ത് നഗ്നപൂജ നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു എന്ന് തെളിവ്

0
18

ചടയമംഗലത്ത് അബ്ദുൽ ജബ്ബാർ എന്ന മന്ത്രവാദി നഗ്നപൂജ നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു എന്ന് തെളിവ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ നടത്തിയതിൽ പോക്സോ വകുപ്പ് പ്രകാരമാണ് അബ്ദുൽ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്.

പെൺകുട്ടികളെ നഗ്നപൂജ ചെയ്ത് അബ്ദുൽ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്ത ട്വൻ്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതൽ പേർ പരാതിയുമായി പൊലീസിന് മുമ്പിൽ എത്തുന്നത്. മൂന്നുവർഷം മുമ്പ് അബ്ദുൽ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേർന്ന് പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ നിലവിൽ ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലും പെൺകുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. അബ്ദുൽ ജബ്ബാർ കറുത്ത വസ്ത്രം ധരിച്ചാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്നാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസിൻ്റെ പരിശോധന തുടരുകയാണ്.

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജ നടത്താൻ ഭർതൃവീട്ടുകാർ അബ്ദുൾ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് കഴിഞ്ഞ ആഴ്ച യുവതി ട്വൻറിഫോറിനോട് വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു.

മന്ത്രവാദത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നാണ് യുവതി ട്വൻറി ഫോറിനോട് വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും അബ്ദുൾ ജബ്ബാറിൻറെ മുന്നിൽ എത്തിച്ചത്. നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെൺകുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തൽ. വാർത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി.