​സെനറ്റ്‌ അം​ഗങ്ങൾ ഹൈക്കോടതിയിലേക്ക്‌

0
160

ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചട്ടവിരുദ്ധമായി പുറത്താക്കിയ കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങൾ വെള്ളിയാഴ്‌ച ഹൈക്കോടതിയെ സമീപിച്ചേക്കും. വകുപ്പു മേധാവികളായ എക്സ്‌ ഒഫീഷ്യോ അംഗങ്ങളെയും ഒരു യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞ്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടവരെയും പുറത്താക്കാൻ ചാൻസലർകൂടിയായ ഗവർണർക്ക്‌ അധികാരമില്ലെന്ന്‌ ഇവർ കോടതിയിൽ ചൂണ്ടിക്കാട്ടും. വൈസ്‌ ചാൻസലർ നിയമന നടപടികളെ ഗവർണർ വൈകാരികമായി സമീപിച്ചതും കോടതിയിൽ വന്നേക്കും.

അതിനിടെ, സെനറ്റിൽനിന്ന്‌ 15 അം​ഗങ്ങളെ പിൻവലിച്ച ഗവർണറുടെ വിജ്ഞാപനം സംബന്ധിച്ച്‌ സർവകലാശാലയും അം​ഗങ്ങൾക്ക് അറിയിപ്പ്‌ നൽകി. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഇവർക്കുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്‌. വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ളയുടെ കാലാവധി തിങ്കളാഴ്‌ച അവസാനിക്കും. പുതിയ നിയമനം നീളാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ സർക്കാരുമായി ആലോചിച്ച് ഗവർണർ പകരക്കാരന്‌ ചുമതല നൽകലാണ്‌ പതിവ്‌. ചട്ടവിരുദ്ധ ഉത്തരവുകളും അനാവശ്യ ഇടപെടലുകളും വഴി ഗവർണർതന്നെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ തുടർനടപടികളും അനിശ്ചിതത്വത്തിലായി.

നിയമസാധുതയില്ലാത്ത രണ്ടം​ഗ സെർച്ച് കമ്മിറ്റിയുടെ കാലാവധിയും  ഗവർണർ ചട്ടവിരുദ്ധമായി നീട്ടിയിരിക്കുകയാണ്‌. നവംബർ അഞ്ചുമുതൽ മൂന്നു മാസത്തേക്ക്‌ കാലാവധി നീട്ടിയാണ്‌ ഉത്തരവ്‌. ആ​ഗസ്ത് അഞ്ചിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോഴുള്ള നിബന്ധനകൾക്ക് മാറ്റമില്ല.