ബിജെപിയിൽ ചേരാൻ സമ്മർദമെന്ന് സിസോദിയ; നിഷേധിച്ച് സിബിഐ

0
106

മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത് ഒൻപതു മണിക്കൂർ. ചോദ്യം ചെയ്യലിനുപിന്നാലെ സിബിഐയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിസോദിയ രംഗത്തെത്തി. എഎപി വിടാൻ തനിക്കു മേൽ സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും സിസോദിയ ആരോപിച്ചു. ഈ ആരോപണങ്ങൾ സിബിഐ ശക്തമായി തള്ളിക്കളഞ്ഞു. പ്രൊഫഷണലും നിയമപരവുമായ രീതിയിലാണ് ചോദ്യം ചെയ്യൽ നടന്നതെന്ന് സിബിഐ അറിയിച്ചു.

മദ്യ നയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും ഡൽഹിയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ വിജയിപ്പിക്കാനുള്ള ‘സമ്മർദ’ തന്ത്രമായിരുന്നു കേസെന്നുള്ള വസ്തുത ചോദ്യം ചെയ്യലിൽനിന്നും വ്യക്തമായതായി സിസോദിയ അവകാശപ്പെട്ടു. അതേസമയം, സിസോദിയയുടെ മൊഴികൾ പരിശോധിക്കുമെന്നും അന്വേഷണത്തിന്റെ ആവശ്യകത അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും സിബിഐ വ്യക്തമാക്കി.

സിസോദിയക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് എഎപി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിസോദിയ ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്നും കേജ്‌രിവാൾ പറഞ്ഞു.

“സമ്മർദം ചെലുത്താൻ സിബിഐയെ ഭരണഘടനാ വിരുദ്ധമായി ഉപയോഗിക്കുന്നു” എന്നാണ് ചോദ്യം ചെയ്യലിനുശേഷം രാത്രി 9 മണിയോടെ സിബിഐ ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങിയ സിസോദിയ പറഞ്ഞത്. ”മദ്യ നയത്തെക്കുറിച്ച് ചോദ്യം ചെയ്തു. എന്നാൽ എഎപി വിടാൻ എനിക്കുമേൽ സമ്മർദമുണ്ടായി. അതെന്നെ അദ്ഭുതപ്പെടുത്തി. എന്തിനുവേണ്ടി എഎപി വിടണമെന്ന് ഞാൻ ചോദിച്ചു. അല്ലെങ്കിൽ, ഇത്തരം കേസുകൾ നിങ്ങൾക്കെതിരെ തുടരുമെന്ന് അവർ പറഞ്ഞു. ഈ കേസിൽ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു, ഇത് അവസാനിക്കും. (എഎപി മന്ത്രി) സത്യേന്ദർ ജെയിനെതിരെ എന്തെല്ലാം കേസുകളുണ്ടെന്ന് അറിയാമോയെന്ന് അവർ എന്നോട് ചോദിച്ചു. അയാൾക്ക് ആറ് മാസം (ജയിലിൽ) കഴിയാമെങ്കിൽ, നിങ്ങൾക്കും ആറ് മാസം (ജയിലിൽ) കഴിയാം,” സിസോദിയ പറഞ്ഞു.

എന്തിന് താൻ ആം ആദ്മി പാർട്ടി വിടണമെന്ന് ചോദിച്ചപ്പോൾ, എനിക്ക് നേട്ടമുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം നൽകാമെന്നും അവർ വാഗ്ദാനം ചെയ്തതായി സിസോദിയ ആരോപിച്ചു. ”മുഖ്യമന്ത്രി ആകാനല്ല ഞാൻ ഇവിടെ എത്തിയതെന്ന് മറുപടി പറഞ്ഞു. ഓപ്പറേഷൻ താമരയുടെ ഭാഗമായുള്ള ഒരു സമ്മർദത്തിനും ഞാൻ വഴങ്ങില്ല. അവർക്ക് ചെയ്യാൻ പറ്റുന്നതെന്താണോ ചെയ്യട്ടെ. ഈ കേസ് തികച്ചും വ്യാജമാണ്. അതിൽ യാതൊരു സത്യവുമില്ല. മദ്യനയത്തിൽ 10,000 കോടിയുടെ അഴിമതി നടന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് അവിടെ എത്തിയപ്പോൾ ഞാൻ മനസിലാക്കി,” സിസോദിയ അഭിപ്രായപ്പെട്ടു.

ഡൽഹിയിലെ മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയ്‌ക്കെതിരെ സിബിഐയുടെ അന്വേഷണം. ഓഗസ്റ്റ് 17 ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിസോദിയയുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്: എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ, ഇൻഡോസ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിൻപള്ളി.