വിദ്യാര്‍ത്ഥികളുടെ യാത്ര വിസയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രാലയതല ചര്‍ച്ച

0
38

ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. അതേസമയം, വിദ്യാര്‍ത്ഥികളുടേയും ബിസിനസുകാരുടേയും വിസ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ചൈനയിലെ വിദേശകാര്യ മന്ത്രാലയം ഏഷ്യന്‍ കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലിയു ജിന്‍സോങ്ങും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് റാവത്തും തമ്മിലായിരുന്നു കൂടിക്കഴ്ച. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) 2020 ഏപ്രില്‍ മുതല്‍ ഉടലെടുത്ത പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേര്‍ന്നത്. ചൈന-ഇന്ത്യ ബന്ധങ്ങള്‍, അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങള്‍, പൊതുവായ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കൊറോണ മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ ഇന്ത്യയും ചൈനയും യോജിച്ചു പ്രവര്‍ത്തിച്ചതായും ആരോഗ്യകാര്യങ്ങളില്‍ ആശ്വാസകരമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍  ലിയു പറഞ്ഞു.

നിലവില്‍ 1,300-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലേക്ക് പോകാന്‍ വിസ നേടിയിട്ടുണ്ടെന്നും രണ്ട് ബാച്ചുകളിലായി 300 ഓളം ബിസിനസുകാര്‍ ചൈന എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷെജിയാങ് പ്രവിശ്യയിലെ യിവു സിറ്റിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരിട്ടുള്ള വിമാനങ്ങള്‍ വൈകും

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ ഫ്‌ലൈറ്റുകള്‍ക്കായുള്ള ചൈനയുടെ ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ നിയമങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ഉടന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സിഎഎസി) കോവിഡ് -19 രോഗികളുടെ എണ്ണത്തിലെ കുറവുകാരണവും സര്‍ക്യൂട്ട് ബ്രേക്കര്‍ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ന്യൂഡല്‍ഹിയില്‍ നിന്ന് ചൈനയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന പ്രകാരം, പുതിയ നിയമങ്ങള്‍ അനുസരിച്ച്, അഞ്ച് കോവിഡ് പോസിറ്റീവ് യാത്രക്കാരെ അല്ലെങ്കില്‍ മൊത്തം 4% യാത്രക്കാരെ കയറ്റുകയാണെങ്കില്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. രോഗബാധിതരായ 8% യാത്രക്കാരുമായി വരുന്ന വിമാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കും.

ഇരുപക്ഷവും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായക ഘട്ടത്തിലാണ്. ‘അംബാസഡര്‍ റാവത്ത് ഇതിന് നന്ദി രേഖപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ 20-ാമത് നാഷണല്‍ കോണ്‍ഗ്രസ് വിജയകരമായ സമ്മേളനത്തിന് ആശംസിക്കുകയും ചെയ്തു.’- പത്രക്കുറിപ്പില്‍ പറഞ്ഞു.