ഡൽഹിയിൽ വായുവിൻറെ ഗുണനിലവാരം കൂടുതൽ മോശമാകാൻ തുടങ്ങിയതായി റിപ്പോർട്ട്

0
70

തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും വായുവിൻറെ ഗുണനിലവാരം കൂടുതൽ മോശമാകാൻ തുടങ്ങിയതായി റിപ്പോർട്ട്. ന്യൂഡൽഹിയിൽ ബുധനാഴ്ച പുലർച്ചെ എയർ ക്വാളിറ്റി ഇൻഡക്സ് (IQI) 152 ആയിരുന്നപ്പോൾ ഗാസിയാബാദിൽ ഇത് 159 ആയിരുന്നു.

ഉത്തരേന്ത്യയിലെ പ്രധാന ഉത്സവങ്ങൾ അടുത്തതോടെ ആഘോഷ തിമിർപ്പിലാണ് തലസ്ഥാന നഗരി. അടുത്തിടെ നടന്ന ദസറ ആഘോഷം ഡൽഹിയിലെ വായുവിൻറെ ഗുണനിലവാരം കൂടുതൽ മോശമാക്കിയിരിയ്ക്കുകയാണ്.

ഉത്തരേന്ത്യയിൾ ശീതകാലം അടുത്തെത്തിയതോടെ അന്തരീക്ഷ മലിനീകരണവും വർദ്ധിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ നനുത്ത മൂടൽമഞ്ഞുള്ളതും തണുപ്പുള്ളതുമായ ഒരു പ്രഭാതമാണ് ഡൽഹി നിവാസികളെ വരവേറ്റത്. ഒപ്പം വായു മലിനീകരണവും വർദ്ധിക്കുകയാണ്.

എയർ ക്വാളിറ്റി ഇൻഡക്സ് കണക്കാക്കുന്നത് ഇപ്രകാരമാണ്. പൂജ്യത്തിനും 50 നും ഇടയിലുള്ള AQI “നല്ലത്”, 51 ഉം 100 ഉം “തൃപ്‌തികരം”, 101 ഉം 200 ഉം “മിതമായതും”, 201 ഉം 300 ഉം “മോശം”, 301 ഉം 400 ഉം “വളരെ മോശം”, തുടർന്ന് 401 ഉം 500 നും ഇടയിൽ “ഭീതികരമായത്” എന്നിവയായി കണക്കാക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽനിന്നും ഡൽഹി നിവസികൾക്ക് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന അറിയിപ്പിൽ പറയുന്നത്.

ബുധനാഴ്ച നേരിയ മഴയ്‌ക്കൊപ്പം ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതുപോലെയുള്ള തുടർച്ചയായ മഴയ്ക്ക് വിരാമമായതായി റിപ്പോർട്ട്‌ പറയുന്നു. വ്യാഴാഴ്ചയോടെ മഴ മാറി അന്തരീക്ഷം തെളിയുമെന്നും IMD റിപ്പോർട്ടിൽ പറയുന്നു.

IMD പ്രവചനമനുസരിച്ച് ബുധനാഴ്ച താപനില 21 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിയ്ക്കും. സാധാരണ ലഭിക്കുന്ന മഴയുടെ നാലിരട്ടിയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ആഗസ്റ്റിൽ ലഭിച്ചത് സാധാരണയിൽ നിന്നും മൂന്നിരട്ടി മഴയാണ്.